കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ ഒന്‍പതു ദിവസം കുടുങ്ങിക്കിടന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ തൊഴിലാളിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ദുരന്തമുഖത്ത് താന്‍ അനുഭവിച്ച ഭയത്തിന്റെയും അതിജീവനത്തിന്റെയും കഥ വിവരിക്കുമ്പോള്‍ സഞ്ജയ് സാഹ എന്ന മുപ്പതുകാരന്റെ ശബ്ദം ഇടറുന്നുണ്ടാ യിരുന്നു. ഇരുണ്ട തുരങ്കത്തി നുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ജീവന്‍ നിലനിര്‍ത്തിയത് ‘ഹരേ കൃഷ്ണ’ മന്ത്രമാണെന്ന് സാഹ പറയുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് താന്‍ പുറത്തെത്തിയതെന്നത് യാദൃശ്ചികതയേക്കാള്‍ ദൈവാനുഗ്രഹമായി കാണുകയാണ് അദ്ദേഹം.
മധേഷ് പ്രവിശ്യയിലെ സപ്താരി ജില്ലക്കാരനായ സഞ്ജയ് സാഹ, ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിലെ ഫോര്‍മാന്‍ ആണ്. അപകടം നടന്ന സമയത്ത് കണ്‍ട്രോള്‍ റൂമിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ മറ്റുള്ളവരോട് ഓടിരക്ഷപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും സുരക്ഷിതരായി പുറത്തു കടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിന്ന സാഹയ്ക്ക് പിന്നീട് തുരങ്കത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ സമയമില്ലാതെ വരികയായിരുന്നു. മറ്റുള്ളവരുടെ ജീവന് മുന്‍ഗണന നല്‍കിയ ആ മനുഷ്യന്‍ ആഴമേറിയ തുരങ്കത്തില്‍ ഒറ്റപ്പെടുകയായിരുന്നു.
എല്ലാവരുടെയും ജീവന്‍ രക്ഷിക്കേണ്ടത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന തന്റെ ഉത്തരവാദിത്തമായിരുന്നുവെന്ന് സഞ്ജയ് സാഹ പറയുന്നു. തുരങ്കത്തിനുള്ളില്‍ കഴിഞ്ഞ ഒമ്പതു ദിവസവും താന്‍ ഒരു നിമിഷത്തേക്ക് പോലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും നിരന്തരം ‘ഹരേ കൃഷ്ണ’ മന്ത്രം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തന്നെ ആരും രക്ഷിക്കാന്‍ എത്തില്ലേ എന്ന ഭയത്തെ ആത്മീയ ജപം കൊണ്ടാണ് അദ്ദേഹം അതിജീവിച്ചത്.
വെള്ളിയാഴ്ച കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് സഞ്ജയ് സാഹയെയും മറ്റൊരു തൊഴിലാളിയായ കബീര്‍ മഹര്‍ജനെയും പുറത്തെടുത്തത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും സഞ്ജയിനെ പ്രാഥമിക ചികിത്സയ്ക്കായി ത്രിശൂലിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള കബീര്‍ മഹര്‍ജനെ കാഠ്മണ്ഡുയിലെ നേപ്പാള്‍ ആര്‍മി ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
തുരങ്കത്തിനുള്ളില്‍ ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും, താന്‍ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ പേരുമായി സംസാരിച്ചിരുന്നുവെന്നും സഞ്ജയ് സാഹ കൂട്ടിച്ചേര്‍ത്തു. ഏറെ നീളമുള്ള തുരങ്കത്തില്‍ ജലപ്രവാഹത്തിന്റെ ശക്തിയില്‍ ചിലര്‍ കൂടുതല്‍ ഉള്ളിലേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
