തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവുമായി നഗരസഭ. ആശുപത്രി വളപ്പിലെ 20 ഏക്കർ പ്രദേശം കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ നിലയിലായതോടെയാണ് വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
പകർച്ചവ്യാധികൾക്ക് സാഹചര്യമൊരുക്കുന്നതിനൊപ്പം ആശുപത്രിയിലെത്തുന്നവരെയും സമീപവാസികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും ആശുപത്രി വളപ്പ് മാറിയിട്ടുണ്ട്.
നാളെ രാവിലെ എട്ടിന് മേയർ വി.വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. പാമ്പുകളുടെ തോഴൻ വാവ സുരേഷ് മുഖ്യാതിഥിയാകും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി തുടങ്ങിയവർ പങ്കെടുക്കും.
സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളെയും നാട്ടുകാരെയും നഗരസഭയുടെ നൂറോളം ജീവനക്കാരടങ്ങുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ് ശുചീകരണം നടത്തുന്നത്. ആശുപത്രി വളപ്പിലെ കാടും പടർപ്പും മാലിന്യങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
