ദൽഹി : സ്ലീപ്പർ ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ആഗസ്റ്റ് നാലിന് ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിൽ നടന്ന സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി.
ഉത്തർപ്രദേശ് സ്വദേശിനിയായ 16കാരിയാണ് അതിക്രമത്തിനിരയായത്. നോയിഡയിലെ ബന്ധുവിനെ കാണാനായി വീട്ടിൽ നിന്ന് പോയ പെൺകുട്ടി കനത്ത മഴയ്ക്കിടെ വഴിതെറ്റി പാരി ചൗക്കിൽ ഇറങ്ങുകയായിരുന്നു. സഹായം തേടി കൈകാണിച്ച പെൺകുട്ടിയെ ഡ്രൈവർ കുൽദീപും കണ്ടക്ടർ സന്ദീപും ബസിൽ കയറ്റി നോയിഡയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് ബസ് സഞ്ചരിക്കുന്നതിനിടെ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പാരി ചൗക്കിൽ നിന്ന് കശ്മീരി ഗേറ്റിലേക്ക് ഏകദേശം 47 കിലോമീറ്റർ ബസ് സഞ്ചരിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് കശ്മീരി ഗേറ്റ് മേഖലയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ കുൽദീപിനെയും സന്ദീപിനെയും തിമാർപൂരിലെ ബസ് പാർക്കിങ് കേന്ദ്രത്തിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉപയോഗിച്ച സ്ലീപ്പർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
