ചെന്നൈ : തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്ക്കാൻ തമിഴക വെട്രി കഴകം തയാറായില്ലെങ്കിൽ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി.
2029ലെ തിരഞ്ഞെടുപ്പിൽ ടിവികെ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനമൊഴിയുമെന്ന് രാജേഷ് കുമാർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ മാത്രം’
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന ഏക പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നും രാജേഷ് കുമാർ വ്യക്തമാക്കി. വിജയ് യെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും 2029ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുമുള്ള ടിവികെയുടെ നീക്കങ്ങൾ ശക്തമായിരിക്കെയാണ് കോൺഗ്രസിന്റെ നിലപാട് പുറത്തുവന്നത്.
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിച്ച ടിവികെ 108 സീറ്റുകൾ നേടിയതോടെയാണ് വിജയ് യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചത്. വിസികെ, ഐയുഎംഎൽ, കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ അധികാരത്തിലെത്തിയത്.
എന്നാൽ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ തന്നെ വിജയ് യെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ ടിവികെ ആരംഭിച്ചിരുന്നു. ഇതാണ് സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളിൽ അസ്വസ്ഥതയ്ക്ക് കാരണമായിരിക്കുന്നത്.
‘ടിവികെ ഇപ്പോഴും ഫാൻസ് ക്ലബ്ബ് മനോഭാവത്തിൽ’
വിജയിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്താനുള്ള ടിവികെയുടെ നീക്കത്തിനെതിരെ തമിഴ്നാട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ടിവികെ ഇപ്പോഴും ഒരു രാഷ്ട്രീയ പാർട്ടിയെപ്പോലെ പ്രവർത്തിക്കുന്നതിനേക്കാൾ സിനിമാ ആരാധക സംഘടനയുടെ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ബി. മാണിക്കം ടാഗോർ പരിഹസിച്ചു. ഫാൻസ് ക്ലബ്ബ് മനോഭാവത്തിൽ തുടരുന്നവരെ പെട്ടെന്ന് നിശബ്ദരാക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ തന്നെ സഖ്യത്തിലെ പ്രധാന കക്ഷികൾക്കിടയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലി പരസ്യമായ അഭിപ്രായവ്യത്യാസം ഉടലെടുത്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
