മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ്… സമഗ്രഅന്വേഷണത്തിന്

തിരുവനന്തപുരം: ലയണൽ മെസി നായകനായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. സംഭവത്തിന്റെ തുടക്കം മുതലുള്ള മുഴുവൻ നടപടികളും അന്വേഷണ സംഘം പരിശോധിക്കും. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തി ലായിരിക്കും അന്വേഷണം.

അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടിൽ ഇതുവരെ തുടർനടപടിയുണ്ടായിട്ടില്ലെന്നും വിവരമുണ്ട്.

22.68 കോടി രൂപയുടെ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഉദ്യോഗസ്ഥർക്ക് ചാർജ് മെമോ നൽകിയിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഇതും പുതിയ അന്വേഷണത്തിന്റെ പരിധിയിൽ വരും.

അതേസമയം, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി വായ്പയല്ലാതെ 206 കോടി രൂപ ലഭിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥാപനങ്ങളോട് വിശദീകരണം തേടിയിരുന്നു. ഇതിൽ ഒരു ധനകാര്യ സ്ഥാപനം മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് എസ്.ഐ.ടി നിലപാട്. മറ്റൊരു ധനകാര്യ സ്ഥാപനം ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം. മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നികുതി സംബന്ധമായ കാര്യങ്ങളും ഉൾപ്പെടെ തുടക്കം മുതലുള്ള മുഴുവൻ നടപടികളും പരിശോധിക്കാനാണ് സർക്കാർ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!