ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; നരേന്ദ്രമോദി മഹാത്മഗാന്ധിയുടെ പ്രതീകം: സ്വാമി സച്ചിദാനന്ദ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മഹാത്മഗാന്ധിയുടെ പ്രതീകമാണ് പ്രധാനമന്ത്രി. മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തില്‍ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകള്‍ മാതൃകാപരമാണെന്ന് മോദി പറഞ്ഞു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമര്‍പ്പിതരായവര്‍ക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതില്‍ താന്‍ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്‌നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.

‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്‌നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്’- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!