ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി റെക്കോർഡുകൾ സ്ഥാപിച്ച് മുന്നേറുന്ന 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയ്ക്ക് ദുലീപ് ട്രോഫി പോരാട്ടത്തിലും ചരിത്ര നേട്ടം. ദുലീപ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കി. സെൻട്രൽ സോണിനെതിരായ പോരാട്ടത്തിൽ ഈസ്റ്റ് സോണിനായി കളിക്കാനിറങ്ങിയ താരം 81 പന്തിൽ 92 റൺസ് അടിച്ചെടുത്താണ് നേട്ടത്തിലെത്തിയത്. 7 വീതം സിക്സും ഫോറും സഹിതമാണ് താരത്തിന്റെ കിടിലൻ ഇന്നിങ്സ്.
15 വയസും 175 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യവംശി അർധ സെഞ്ച്വറി നേടിയത്. 57 വർഷമായി തകരാതെ നിന്ന റെക്കോർഡാണ് വൈഭവ് സൂര്യവംശി പഴങ്കഥയാക്കിയത്. 1969ൽ 16 വയസും 23ദിവസവും പ്രായമുള്ളപ്പോൾ ഫിഫ്റ്റി നേടിയ ലക്ഷ്മൺ സിങിന്റെ റെക്കോർഡാണ് താരം തകർത്തത്. ഈ റെക്കോർഡിൽ ഇതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു പിയൂഷ് ചൗളയുടെ നേട്ടവും വൈഭവിന്റെ മുന്നേറ്റത്തിൽ തകർന്നു. 2005ൽ 16 വയസും 307 ദിവസവും പ്രായമുള്ളപ്പോൾ പിയൂഷ് ചൗള അർധ സെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തിൽ വൈഭവ് ഒരു മണിക്കൂറോളം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതും ശ്രദ്ധയേമായി. മത്സരത്തിന്റെ ആദ്യ ദിനത്തിൽ വലതു കൈക്ക് പരിക്കേറ്റ് ക്യാപ്റ്റൻ ഇഷാൻ കിഷൻ കളം വിട്ടിരുന്നു. ഇതോടെയാണ് വൈസ് ക്യാപ്റ്റനായ സൂര്യവംശി നായക സ്ഥാനം ഏറ്റെടുത്തത്. പിന്നീട് ഇഷാൻ കിഷൻ തിരിച്ചെത്തിയ ശേഷമാണ് താരം ക്യാപ്റ്റൻ സ്ഥാനം കൈമാറിയത്.
ക്യാപ്റ്റനെന്ന നിലയിൽ വൈഭവ് സൂര്യവംശി കൈക്കൊണ്ട ഡിആർഎസും ശ്രദ്ധിക്കപ്പെട്ടു. 40ാം ഓവറിൽ സെൻട്രൽ സോൺ വിക്കറ്റ് കീപ്പർ ആര്യൻ ജുയാൽ മുകേഷ് കുമാറിന്റെ പന്തിൽ കളിച്ച ഷോട്ട് കുമാർ കുശാഗ്ര ക്യാച്ചെടുത്തു. ഈസ്റ്റ് സോൺ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. സൂര്യവംശി റിവ്യു ചെയ്യാൻ തീരുമാനിച്ചു. പരിശോധനയിൽ അൾട്രാ എഡ‍്ജിൽ പന്ത് ഉരസിയതായി വ്യക്തമായതോടെ താരം ഔട്ടായി മടങ്ങുകയും ചെയ്തു. വൈഭവിന്റെ കൃത്യം തീരുമാനത്തിൽ സെൻട്രൽ സോണിന് വിക്കറ്റ് നഷ്ടം.
