പ്രതികാരത്തിന്റെ അടയാളം, ജംകരാന്‍ പള്ളിയില്‍ ചുവന്നകൊടി; മുന്നറിയിപ്പ് നല്‍കി ഇറാന്‍

ടെഹ്റാന്‍: ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി ഇറാന്‍. ഖ്വാമിലെ ജംകരാന്‍ പള്ളിയുടെ മിനാരത്തില്‍ ഇറാന്‍ ചുവന്ന കൊടി ഉയര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജംകരാന്‍ പള്ളിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യും എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചത്.

പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക. പരമോന്നത നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാന്‍ ശക്തമായ ആക്രമണത്തിനാണ് ഇറാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തല്‍.

നേരത്തേയും ഖ്വാമിലെ ജംകരാന്‍ പള്ളിയില്‍ പ്രതികാരത്തിന്റെ പതാക ഉയര്‍ത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോഴും ചെങ്കൊടി ഉയര്‍ത്തിയിരുന്നു. 2020 ജനുവരിയിലാണ് ഇറാന്‍ ആദ്യമായി പ്രതികാരത്തിന്റെ പതാക ഉയര്‍ത്തിയത്. ജനറല്‍ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചപ്പോഴായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!