സ്വർണ്ണ കച്ചവടത്തിനെത്തിയവരെ ആലുവയിൽ വെച്ച് തട്ടിക്കൊണ്ടു പോയി …ഒടുവിൽ പോലീസ്…

ആലുവ : കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം .പൊളിച്ചടുക്കി ആലുവ പൊലീസ്. തട്ടിക്കൊണ്ടു പോകലിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചതാണ് നിര്‍ണായകമായത്.

സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടു പോകലിനെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ്. ഇവർ ഏഴു പേരാണ് തട്ടിക്കൊണ്ടു പോകല്‍ സംഘം.

രാവിലെ 11 മണിക്ക് ആലുവയിലെ മോര്‍ച്ചറി പരിസരത്തു നിന്നാണ് കര്‍ണാടക സ്വദേശിയായ ഗോമയ്യയെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. ബലം പ്രയോഗിച്ച് ഒരാളെ കാറില്‍ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനായ ശശി ഉടന്‍ വിവരം പൊലീസിനെ വിളിച്ചറിയിച്ചു.

വാഹനങ്ങളെ കുറിച്ചുളള അടയാളവും പറഞ്ഞു. നിമിഷങ്ങള്‍ക്കകം നഗരത്തിലെ പ്രധാന വഴികളിലെല്ലാം പൊലീസ് നിരന്നു. ടൗണ്‍ വളഞ്ഞ് പല സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി. തുടര്‍ന്ന് ഉളിയന്നൂരിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്ന് ഗോമയ്യയെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘത്തെയും. ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ സ്വര്‍ണം വില്‍ക്കാനാണ് ആലുവയില്‍ സുഹൃത്തിനൊപ്പം എത്തിയതെന്നാണ് ഗോമയ്യ പൊലീസിനോട് പറഞ്ഞത്.

തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സുഹൃത്തിനായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് കര്‍ണാടകയില്‍ നിന്നുളള മറ്റൊരു സംഘം പറ്റിച്ചിട്ടുണ്ടെന്നും ഇതിന് പകരം വീട്ടാനാണ് ഗോമയ്യയെയും കൂട്ടുകാരനെയും സ്വര്‍ണ കച്ചവടത്തിന്‍റെ പേരു പറഞ്ഞ് വിളിച്ചു വരുത്തിയത് എന്നുമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്.

തട്ടിക്കൊണ്ടു പോകല്‍ നാടകത്തിനു പിന്നിലെ ഈ സ്വര്‍ണക്കഥയെ കുറിച്ച് സംശയങ്ങളേറെയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന്‍റെ ചുരുളഴിക്കാനുളള അന്വേഷണവും പൊലീസ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!