ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) സ്ഥാപകർ വിശുദ്ധരൊന്നുമല്ലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടയിലാണ് താൻ ഇക്കാര്യം മനസ്സിലാക്കിയത്. യുവനേതാക്കൾക്ക് ഇത്തരം രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും വാങ് ചുക് പറഞ്ഞു. പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാങ്ചുകിന്റെ പരാമര്‍ശം.
സിജെപി സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതായി അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു. അത്തരത്തിൽ രാഷ്ട്രീയ അഭിലാഷം ഉണ്ടാവുന്നതില്‍ തെറ്റില്ല. ഒന്നും മോഹിക്കാതിരിക്കാൻ മാത്രം വിശുദ്ധരല്ല അവർ. സോനം വാങ് ചുക് കൂട്ടിച്ചേർത്തു.
വിദ്യാർഥി സമരത്തിൽ പങ്കുചേരുമ്പോൾ, അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പല വിമർശകരും പറഞ്ഞിരുന്നു. മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നത് തെറ്റായി കരുതുന്നില്ല. അതുകൊണ്ടു അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിൽ രാഷ്ട്രീയ അജണ്ടകൾ പാടില്ലെന്ന് സിജെപി നേതാക്കളായ ദിപ്കെ, ദാസ്, രങ്ക എന്നിവരോട് പറഞ്ഞിരുന്നുവെന്നും വാങ്ചുക് വ്യക്തമാക്കി.
