മേഘാലയയിൽ 9 യുഡിപി എംഎൽഎ മാർ ബിജെപി യിലേക്കെന്ന് സൂചന…

ഷില്ലോങ് : മേഘാലയയിൽ ഭരണസഖ്യത്തിനുള്ളിൽ തന്നെ വലിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി)യിലെ ഒൻപത് എംഎൽഎമാർ ബിജെപിയിലേക്ക് മാറിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) നേതൃത്വം നൽകുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാരിന്റെ ഭാഗമാണ് യുഡിപിയും ബിജെപിയും. അതിനാൽ യുഡിപി എംഎൽഎമാർ ബിജെപിയിലേക്ക് എത്തുന്നത് നിലവിലെ ഭരണസഖ്യത്തിന് അകത്തുനിന്നുള്ള രാഷ്ട്രീയ പുനഃക്രമീകരണമായിരിക്കും.

60 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. യുഡിപിക്ക് 12 അംഗങ്ങളുമുണ്ട്. ഇതിൽ എട്ട് എംഎൽഎമാരെങ്കിലും ഒരുമിച്ച് ബിജെപിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകാതെ പാർട്ടി മാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ ഒൻപത് യുഡിപി എംഎൽഎമാർ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുഡിപി നിയമസഭാംഗങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രത്യേകിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് യുഡിപി വിശദീകരിച്ചത്. അതേസമയം, യുഡിപിക്കുള്ളിലെ ആഭ്യന്തര അതൃപ്തിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി അധ്യക്ഷൻ മെത്ബാഹ് ലിങ്‌ദോയിയുടെ നേതൃത്വത്തോട് ചില എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

മേഘാലയയിലെ നിലവിലെ കക്ഷിനില

60 അംഗ നിയമസഭയിൽ എൻപിപിക്ക് 33 എംഎൽഎമാരാണുള്ളത്. യുഡിപിക്ക് 12, ബിജെപിക്ക് രണ്ട്, എച്ച്എസ്പിഡിപിക്ക് രണ്ട്, സ്വതന്ത്രർക്ക് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

ഭരണസഖ്യം – എംഡിഎ: 51

എൻപിപി – 33
യുഡിപി – 12
ബിജെപി – 2
എച്ച്എസ്പിഡിപി – 2
സ്വതന്ത്രർ – 2

പ്രതിപക്ഷം – 9

എഐടിസി – 5
വിപിപി – 4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!