ന്യൂഡൽഹി : വയനാട് ലോക്സഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധി 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന് മലയോര മേഖലയിലുമാണു പര്യടനം. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.
ഇന്നലെ പ്രിയങ്കയെ സന്ദർശിച്ചു യുഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ് കൈമാറി. താഴെത്തട്ടിൽ പ്രവർത്തനം നയിച്ച ബൂത്ത് കമ്മിറ്റി നേതാക്കളെ കാണാൻ ആഗ്രഹിക്കുന്നതായി നേതാക്കളോടു പ്രിയങ്ക പറഞ്ഞു. ഇതിനായി താമസിയാതെ വീണ്ടും വരും. 7 നിയോജക മണ്ഡലങ്ങളിലും പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കാനാണു നിർദേശം.
എംഎൽഎമാരായ എ.പി.അനിൽകുമാർ, പി.കെ.ബഷീർ, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റുമാരായ എൻ.ഡി.അപ്പച്ചൻ, കെ.പ്രവീൺകുമാർ, വി.എസ്.ജോയ്, ഇലക്‌ഷൻ ചീഫ് ഏജന്റും ഡിസിസി പ്രസിഡന്റുമായ കെ.എൽ.പൗലോസ്, യുഡിഎഫ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, സി.പി.ചെറിയ മുഹമ്മദ്, കെ.അഹമ്മദ് എന്നിവരുടെ സംഘമാണു പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുത്തു.
ചൂരൽമല–മുണ്ടക്കൈ മേഖലയ്ക്കു പ്രത്യേക ധന സഹായം ഉറപ്പാക്കുന്നതി നാകും മുൻഗണനയെന്നു പ്രിയങ്ക പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്
