ഇടുക്കി : തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത് പുലർച്ചെ ഒരുമണിക്ക്.
സബ് കളക്ടർ അരുൺ എസ് നായർ കോളേജിൽ എത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും.
തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീക്ഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധം രാത്രിയിലും തുടർന്നതോടെയാണ് സബ് കളക്ടർ സ്ഥലത്തെത്തി ചർച്ചകൾ നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.
കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയായിരിന്നു പ്രതിഷേധം.
ഫയർ ഫോഴ്സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല.
ഇതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ട് എങ്കിലും വിജയിച്ചില്ല. ഒടുവിൽ രാത്രി സബ് കളക്ടർ അരുൺ എസ് നായർ എത്തി.
സസ്പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്മെന്റ് തീരുമാനം വിദ്യാർഥികൾ തള്ളി.
പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും തങ്ങൾക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം; വിദ്യാർത്ഥി സമരം അവസാനിച്ചത് ഇന്ന് പുലർച്ചെ
