കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ… ആശങ്കയോടെ യാത്രക്കാർ…

കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിൽ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയിൽ ഏകദേശം 10 മീറ്ററോളം നീളത്തിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ കരാർ കമ്പനിയെ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും, ഘടനയെ ബാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാർ പൂർണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയിൽ ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൻ ഓഫീസർ അറിയിച്ചു. ദേശീയപാത 66-ന്റെ നിർമ്മാണത്തിനിടെ ഇത്തരത്തിൽ വിള്ളൽ രൂപപ്പെടുന്നത് ഇതാദ്യമല്ല.

മുൻപ് കാവനാട് ഭാഗത്തുള്ള ഉയരപ്പാതയിലും സമാനമായ രീതിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവിടെ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. മേവറത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ ഭാഗത്ത് നിലവിൽ പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. തുടർച്ചയായി വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരിലും യാത്രക്കാരിലും നേരിയ ആശങ്ക പരത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!