‘കാണം വിറ്റും ഓണം ഉണ്ണണം’; ഓണസദ്യ വെറുമൊരു വിരുന്നല്ല, ഓരോ വിഭവങ്ങളിലും ഒളിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന്റെ കരുത്ത്…

കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണം, പൂക്കളത്തിന്റെയും പാട്ടുകളുടെയും മാത്രമല്ല, ആരോഗ്യവും പാരമ്പര്യവും ഒരേ വാഴയിലയിൽ വിളമ്പുന്ന ഉത്സവം കൂടിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകർഷണം ഓണസദ്യയാണ്.

‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി വെറും ആഡംബരത്തെക്കുറിച്ചല്ല പറയുന്നത്; മറിച്ച്, രുചിയും ആരോഗ്യവും സമന്വയിക്കുന്ന സമ്പൂർണ ഭക്ഷണരീതിയെ യാണ് അത് ഓർമ്മിപ്പിക്കുന്നത്. ഇരുപതിലധികം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഒരു നേരത്തെ ഭക്ഷണത്തിലൂടെ തന്നെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ നൽകുന്ന സമതുലിതമായ ഭക്ഷണമാണ്.

സാധാരണയായി സസ്യാഹാര വിഭവങ്ങൾ മാത്രം ഉൾപ്പെടുന്ന ഓണസദ്യയിലെ ഓരോ കറിയും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. രുചിവൈവിധ്യത്തിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഓരോ വിഭവത്തിലൂടെയും ലഭിക്കുന്നു.

ചമ്പാവരി ചോറ്: പോഷകസമ്പന്നമായ തുടക്കം

ഓണസദ്യയുടെ അടിത്തറയായ ചമ്പാവരി ചോറിൽ ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ആവശ്യമായ അമിനോ ആസിഡുകൾ എന്നിവ ധാരാളമുണ്ട്. ഗാമാ-അമിനോബ്യൂട്ടിറിക് ആസിഡ്  രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, പോളിഫിനോളുകൾ ശരീരത്തിന് ആന്റിഓക്‌സിഡന്റ് സംരക്ഷണം നൽകുന്നു.

പരിപ്പ്, നെയ്യ്, പപ്പടം: പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും

സദ്യയിലെ പ്രധാന വിഭവമായ പരിപ്പ് മികച്ച സസ്യപ്രോട്ടീൻ ഉറവിടമാണ്. നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്നു.

ഇഞ്ചിക്കറി: നൂറ് കറികളുടെ ഗുണമുള്ള താരം

‘ഇഞ്ചിക്കറി നൂറ് കറികൾക്ക് തുല്യം’ എന്ന പഴമൊഴിക്ക് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ട്. ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ബയോആക്റ്റീവ് ഘടകം ദഹനം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

അച്ചാർ: രുചിയും വിറ്റാമിൻ സിയും ഒരുമിച്ച്

നാരങ്ങ, മാങ്ങ, നെല്ലിക്ക തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാനും ഗുണകരമാണ്.

കിച്ചടി: ശരീരത്തിന് തണുപ്പും ആരോഗ്യവും

വെള്ളരിക്കയും പാവയ്ക്കയും ചേർന്ന കിച്ചടി ശരീരത്തെ തണുപ്പിക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. പാവയ്ക്കയിലെ ഇരുമ്പ്, പൊട്ടാസ്യം, ഫൈബർ, കാൽസ്യം, ബീറ്റാ കരോട്ടിൻ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണ്.

പച്ചടി: മധുരത്തിനൊപ്പം പോഷകസമൃദ്ധി

പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവ ചേർത്ത് തൈരിൽ തയ്യാറാക്കുന്ന പച്ചടി പോഷകമൂല്യം നിറഞ്ഞ വിഭവമാണ്. പൈനാപ്പിളിലെ ബ്രോമിലിൻ ദഹനത്തിന് സഹായിക്കുമ്പോൾ, ബീറ്റ്‌റൂട്ടിലെ ബീറ്റാസിയാനിൻ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. മത്തങ്ങയിലെ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യുന്നു.

അവിയൽ: പോഷകങ്ങളുടെ കലവറ

പലതരം പച്ചക്കറികളും തേങ്ങയും തൈരും ചേർന്ന അവിയൽ സദ്യയിലെ ഏറ്റവും സമ്പൂർണ വിഭവങ്ങളിലൊന്നാണ്. ശരീരഭാരം നിയന്ത്രിക്കാനും പോഷകക്കുറവ് പരിഹരിക്കാനും ആവശ്യമായ നാരുകളും ധാതുക്കളും വിറ്റാമിനുകളും ഇതിൽ ധാരാളമുണ്ട്.

സാമ്പാർ: രുചിയും ആരോഗ്യവും കൈകോർക്കുമ്പോൾ

പലതരം പച്ചക്കറികളും പരിപ്പും ചേർന്ന് തയ്യാറാക്കുന്ന സാമ്പാർ പ്രോട്ടീൻ സമ്പുഷ്ടമാണ്. മഞ്ഞൾ, മല്ലി, കായം, ഉലുവ, പുളി എന്നിവയുടെ സാന്നിധ്യം ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിന് പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു.

തോരൻ: നാരുകളും ധാതുക്കളും നിറഞ്ഞ വിഭവം

ചേനത്തണ്ട്, ചെറുപയർ, കാബേജ്, പയർ, മിശ്രപച്ചക്കറികൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന തോരൻ ശരീരത്തിന് ആവശ്യമായ നാരുകളും ധാതുക്കളും നൽകുന്നു. കാബേജിലെ സൾഫോറാഫാൻ പോലുള്ള ഘടകങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

കാളൻ, മോര്, രസം: ദഹനത്തിന്റെ കൂട്ടുകാർ

കാളനും മോരും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ നൽകുന്നു. മോരിലെ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ശരീരത്തിന് ആവശ്യമായ ധാതുക്കൾ നൽകുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന രസം ദഹനം സുഗമമാക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പായസം: മധുരത്തിൽ ഒളിഞ്ഞ പോഷകങ്ങൾ

അടപ്രഥമൻ മുതൽ പാൽപ്പായസം വരെ ഓണസദ്യയുടെ മധുരം പൂർണമാക്കുന്ന വിഭവങ്ങളാണ്. ശർക്കര ഉപയോഗിച്ചുള്ള പായസങ്ങളിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവയും പാൽപ്പായസത്തിൽ കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

ചുക്കുവെള്ളം: സദ്യയുടെ സമാപനം ആരോഗ്യത്തോടെ

സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കുകയും വയറുവേദന, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. ഇഞ്ചിയുടെ ഔഷധഗുണങ്ങൾ ശരീരത്തിന് പുതുമയും ഉന്മേഷവും നൽകുന്നു.

ഓണസദ്യ ഒരു ഉത്സവഭക്ഷണം മാത്രമല്ല, തലമുറകളായി കൈമാറിവരുന്ന ആരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിന്റെ മികച്ച മാതൃക കൂടിയാണ്. ഓരോ വിഭവവും ഓരോ പോഷകഘടകവും കൃത്യമായി ഉൾക്കൊള്ളുന്ന ഈ സദ്യ, രുചിയുടെ ആഘോഷത്തോടൊപ്പം ആരോഗ്യത്തിന്റെ സന്ദേശവും മലയാളികൾക്ക് പകർന്നുനൽകുന്നു. അതുകൊണ്ടുതന്നെ ഓണസദ്യ ഒരു വിരുന്നല്ല, പ്രകൃതിയെയും പോഷകശാസ്ത്രത്തെയും ജീവിതരീതി യെയും ഒരുമിച്ച് ചേർത്ത മലയാളത്തിന്റെ അഭിമാനപാരമ്പര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!