സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എംപുരാന്റെ അഡ്വാൻസ് ബുക്കിങ് 63 കോടി കടന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റു പോകുന്നത്.
കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. നാല് അന്യഭാഷകളിൽ ഇന്നലെയാണ് സെൻസർ നടപടികൾ പൂർത്തിയായത്. ഇവയുടെ ബുക്കിങ് കണക്കുകൾ കൂടി ഇന്ന് മുതൽ കൃത്യമായി ലഭിക്കുമ്പോൾ പ്രീ റിലീസ് ബുക്കിങ് 100 കോടിയാകുമോയെന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.
അതേസമയം എംപുരാന്റെ ബജറ്റിനേക്കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ തോതിൽ ചർച്ചകൾ നടന്നിരുന്നു. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷനിടെ പൃഥ്വിരാജ് ഇതിനുള്ള ഉത്തരവും നൽകിയിരുന്നു. “ഞങ്ങൾ ഒരിക്കലും ഈ സിനിമയുടെ ബജറ്റിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്ക് ഇത്ര ചെലവുണ്ടെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല.
എന്റെ അഭിപ്രായത്തിൽ ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതാണ് ഈ സിനിമയുടെ ബജറ്റ്. അതിനൊപ്പം ഞാൻ ഒരു ചാലഞ്ചും വെക്കുകയാണ്. നിങ്ങൾ ഊഹിക്കുന്നത് എത്രയായാലും അത് ഈ സിനിമയുടെ യഥാർഥ ബജറ്റിനേക്കാൾ കൂടുതലായിരിക്കും.
അതാണ് മലയാളം സിനിമ”- എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 27 നാണ് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക.