എരുമേലിയിൽ 1. 880 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; ഓട്ടോറിക്ഷയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

കോട്ടയം: എരുമേലിയിൽ വാഹന പരിശോധനയ്ക്കിടെ 1. 880 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും മൂന്ന് മൊബൈൽ ഫോണുകളും 140 രൂപയും പോലീസ് പിടിച്ചെടുത്തു.

മുണ്ടക്കയം സ്വദേശികളായ പുതുപറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൻ അജിത് ബാബു (26), വേലനിലം ഒളിക്കൽ വീട്ടിൽ സിറാജിന്റെ മകൻ ആസിം സിറാജ് (24), എരുമേലി വടക്ക് വില്ലേജിലെ അനിക്കുന്ന് ഭാഗം വേണാട്ട് വീട്ടിൽ സുധീഷിന്റെ മകൻ കൃഷ്ണജിത്ത് എസ്. (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2026 ഒക്ടോബർ 22-ന് രാത്രി 11 മണിയോടെ എരുമേലി തെക്ക് വില്ലേജിലെ കനകപ്പലം കരിമ്പിൻതോട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ യാണ് സംഭവം. KL 34 9584 നമ്പർ ഓട്ടോറിക്ഷയിൽ എത്തിയ പ്രതികളോട് പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോയി. തുടർന്ന് റോഡിന്റെ വടക്കുവശത്തുള്ള കോൺക്രീറ്റ് വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്ന ഓട്ടോറിക്ഷ പോലീസ് പരിശോധിക്കുകയായിരുന്നു.

ഓട്ടോറിക്ഷയുടെ പിൻസീറ്റിന് പിന്നിലുള്ള ഭാഗത്ത് ബ്രൗൺ നിറത്തിലുള്ള ടേപ്പ് ചുറ്റിയ പ്ലാസ്റ്റിക് പൊതിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ തൂക്കം 1 കിലോ 880 ഗ്രാം ആണെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ, ചെങ്ങന്നൂരിലുള്ള ഒരാളിൽനിന്ന് വിൽപ്പനയ്ക്കായി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നതാണെന്ന് അജിത് ബാബു സമ്മതിച്ചു . അജിത് ബാബു നൽകുന്ന കഞ്ചാവ് മറ്റുള്ളവർക്ക് വിൽക്കാറുണ്ടെന്നും ഇയാളോടൊപ്പം കഞ്ചാവ് വാങ്ങുന്നതിനായി പോയതാണെന്നും മറ്റ് പ്രതികൾ മൊഴി നൽകി. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!