അമ്മാൻ: ജോർദാനിലെ കരാക് മേഖലയിൽ പള്ളിക്ക് സമീപം വിലാപയാത്രയ്ക്കിടെ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരുക്കേറ്റതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
കാറിലെത്തിയ രണ്ടുപേർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങിയ അക്രമികൾ ഏകദേശം അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിയുതിർത്തശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
വെടിവയ്പ്പിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വെടിവയ്പ്പിന്റെ കാരണം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.
