കൊച്ചി: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരാളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ. ഉന്നത പദവികളെല്ലാം താല്‍ക്കാലികങ്ങള്‍ ആണെന്ന് അറിവുള്ളവനായത് കൊണ്ടാണ് ഒരാള്‍ക്ക് മറ്റൊരാളുടെ ദയനീയാവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. അതുകൊണ്ടൊക്കെയാണ് ഒരു വഴിപോക്കന്‍ ബോധരഹിതനായി വഴിവക്കില്‍ വീണപ്പോള്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി അയാളെ ആശുപത്രിയിലെത്തിക്കാന്‍ നമ്മുടെ ഗവര്‍ണര്‍ക്ക് മനസ്സുണ്ടായത് . അതുകൊണ്ടുതന്നെ ‘ബഹുമാനപ്പെട്ട ഗവര്‍ണര്‍’ എന്ന് തന്നെ നമുക്ക് അദ്ദേഹത്തെ വിളിക്കാന്‍ സാധിക്കേണ്ടതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നലെ ഔദ്യോഗിക വസതിയില്‍ നിന്ന് നഗരത്തിലെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വാഹനത്തില്‍ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീണത് കണ്ടത്. പ്രമേഹം കൂടിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുകണ്ട ഗവര്‍ണര്‍ തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഗിരീഷിന് സമീപം എത്തുകയും ഏറെ നേരം സമീപത്ത് നില്‍ക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സ്റ്റാഫിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
ചില മനുഷ്യത്വങ്ങള്‍ കാണാതെപോകരുത്
ഒരാളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ. ഉന്നത പദവികളെല്ലാം താല്‍ക്കാലികങ്ങള്‍ ആണെന്ന് അറിവുള്ളവനായത് കൊണ്ടാണ് ഒരാള്‍ക്ക് മറ്റൊരാളുടെ ദയനീയാവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. അതുകൊണ്ടൊക്കെയാണ്ഒരു വഴിപോക്കന്‍ ബോധരഹിതനായി വഴിവക്കില്‍ വീണപ്പോള്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി അയാളെ ആശുപത്രിയിലെത്തിക്കാന്‍ നമ്മുടെ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് മനസ്സുണ്ടായത് . അതുകൊണ്ടുതന്നെ ‘ബഹുമാനപ്പെട്ട ഗവര്‍ണര്‍’ എന്ന് തന്നെ നമ്മുക്ക് അദ്ദേഹത്തെ വിളിക്കാന്‍ സാധിക്കേണ്ടത്.
