സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു, രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവെച്ചു

സലാല : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയുമാണ് അപകടത്തിൽ മരിച്ചത്. പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്.

സംഭവത്തിൽ ഒമാൻ എയർ സ്പോർട്‌സ് കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിച്ച കമ്മിറ്റി, ഈ വലിയ നഷ്ടം താങ്ങാനുള്ള കരുത്ത് കുടുംബത്തിന് ലഭിക്കട്ടെയെന്നും പ്രാർഥിച്ചു.

അപകടത്തിന് പിന്നാലെ രാജ്യത്തെ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. ഒമാനിലുടനീളമുള്ള പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഒമാൻ എയർ സ്പോർട്‌സ് കമ്മിറ്റി ഉത്തരവിട്ടു.

ബന്ധപ്പെട്ട അധികൃതരുമായി കൂടുതൽ പരിശോധനകളും കൂടിയാലോചനകളും നടത്തിയ ശേഷമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ. അതുവരെ രാജ്യത്തെ എല്ലാ അംഗീകത കേന്ദ്രങ്ങളിലെയും പാരാഗ്ലൈഡിംഗ് സർവീസുകൾ മരവിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള നടപടികളും അധികൃതർ പരിഗണിച്ചേക്കുമെന്നാണ് സൂചന. പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിർദേശം പിന്നീട് അറിയിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!