പൂക്കൾക്ക് പൊന്നുംവില.. പൂക്കളം കളറാക്കാൻ ചിലവേറും…

തിരുവനന്തപുരം : ഓണത്തിന്റെ നിറക്കൂട്ടായ പൂക്കളങ്ങൾക്ക് ഇത്തവണ ചെലവേറും. അത്തം പിറന്നതോടെ സംസ്ഥാനത്തെ പൂവിപണി സജീവമായിരിക്കുകയാണ്. ആവശ്യക്കാർ കൂടുന്നതോടെ വരും ദിവസങ്ങളിൽ പൂക്കളുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

തോവാള, ഹൊസൂർ, മൈസൂർ, ബെംഗളൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ആവശ്യക്കാർ വർധിക്കുന്നതോടെ അവിടെയും വില ഉയരുകയും ഇതിന്റെ പ്രതിഫലനം കേരളത്തിലെ വിപണിയിലും ഉണ്ടാകുകയും ചെയ്യും.

ഇന്ന് അത്തം നാളാണെങ്കിലും വിവിധ ക്ലബ്ബുകളും സംഘടനകളും നാളെ മുതലാണ് അത്തപ്പൂക്കളമൊരുക്കാൻ തുടങ്ങുന്നത്. വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും ഓണാഘോഷ പരിപാടികളും ഈ ആഴ്ച നടക്കും. അതിനാൽ ബുധനാഴ്ചയോടെ പൂവില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

തിരുവനന്തപുരം ചാല മാർക്കറ്റിൽ മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയാണ് നിലവിലെ വില. റോസ് 240, വാടാമുല്ല 300, വെള്ള ജമന്തി 500, കോഴിപ്പൂവ് 200, അരളി 300, വെള്ള അരളി 400, പിച്ചി 1200, മുല്ല 1000 രൂപ എന്നിങ്ങനെയാണ് വില. കോഴിക്കോട്ട് മഞ്ഞ ജമന്തി 50 രൂപ മുതൽ ലഭിക്കും. റോസിന് 300 രൂപയും വെള്ള ജമന്തിക്ക് 400 രൂപയുമാണ് വില. അരളി 400, മുല്ല 2000, പിച്ചി 1600, വാടാമുല്ല 100 രൂപ എന്നിങ്ങനെയാണ് മറ്റു വിലകൾ. പത്തനംതിട്ടയിൽ മഞ്ഞ ജമന്തിക്ക് 180 രൂപ വരെയാണ് വില. റോസ് 400, അരളി 450, മുല്ല 1000, പിച്ചി 1000, വെള്ള അരളി 400, വാടാമുല്ല 250 രൂപ എന്നിങ്ങനെയാണ് വില. ട്രെയിൻ സൗകര്യമുള്ള ജില്ലകളെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് കൂടുതലുള്ളതാണ് വിവിധ ജില്ലകളിലെ വിലവ്യത്യാസത്തിന് പ്രധാന കാരണം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്ക് പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് പൂക്കളെത്തുന്നത്. മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂവ് കൂടുതലായി എത്തുന്നത്. തോവാള, തെങ്കാശി, ദിണ്ടിഗൽ, നിലക്കോട്ട, പഴനി തുടങ്ങിയ വിപണികളിൽനിന്നും ബന്ദിപ്പൂവും മറ്റ് അലങ്കാരപ്പൂക്കളും എത്തുന്നുണ്ട്. കല്യാണ സീസൺ കൂടിയായതിനാൽ മുല്ലപ്പൂവിന്റെ വില 3000 രൂപയോട് അടുക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

തൃശൂർ നഗരത്തിലെ പൂവിപണിയിൽ ഇത്തവണ ബെംഗളൂരു മുല്ലയും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കളുമാണ് ശ്രദ്ധ നേടുന്നത്. സേലത്തുനിന്നുള്ള പൂക്കച്ചവടക്കാർ ബെംഗളൂരുവിൽ നിന്നാണ് പൂക്കൾ എത്തിക്കുന്നത്. മലയാളി വ്യാപാരികൾ കോയമ്പത്തൂർ പൂമാർക്കറ്റിനെയും ഹൊസൂരിലെ കർഷകരെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. ശക്തൻ സ്റ്റാൻഡിൽ 100 രൂപയ്ക്ക് വിവിധ പൂക്കൾ ഇടകലർത്തി നൽകുന്ന പൂക്കിറ്റിനാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരിയായ കമറുദ്ദീൻ പറയുന്നു. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 100 രൂപയും വാടാമല്ലിക്ക് 200 രൂപയുമാണ് വില. പിങ്ക്, പർപ്പിൾ, വയലറ്റ് നിറങ്ങളിലുള്ള അസ്ട്ര പൂക്കൾക്കും വലിയ ഡിമാൻഡുണ്ട്. വാടാമല്ലിക്ക് പകരം ഉപയോഗിക്കാവുന്ന പർപ്പിൾ അസ്ട്രയ്ക്ക് വാടാമല്ലിയേക്കാൾ 100 രൂപ വരെ വിലക്കുറവുണ്ട്. ചെറിയ ചുവന്ന റോസാപ്പൂക്കൾക്ക് കാൽ കിലോയ്ക്ക് 50 രൂപയാണ് വില. വരും ദിവസങ്ങളിൽ ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് പൂക്കൾക്ക് 50 രൂപ വീതം വില കൂടാനിടയുണ്ടെന്നാണ് തേക്കിൻകാട് മൈതാനത്തെ വ്യാപാരികൾ പറയുന്നത്.

ബെംഗളൂരു മുല്ലമൊട്ടുകൾ ഇപ്പോൾ തന്നെ മുല്ലമാലയായി വിപണിയിലെത്തി. മണമില്ലാത്തതും വിരിയാത്തതുമായ ഇവ രണ്ടുദിവസം വരെ പുറത്ത് സൂക്ഷിച്ചാലും ഫ്രഷായി തുടരുമെന്നതാണ് പ്രത്യേകത. നിലവിൽ ഒരു മുഴത്തിന് 50 രൂപയാണ് വില. ഓണാഘോഷങ്ങൾ സജീവമാകുന്നതോടെ ഇതിന്റെ വിലയും ഉയരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!