‘അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം, മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും’; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാ ബാവ

കോട്ടയം : സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയം എന്നത് ജലരേഖയായി മാറുന്നുവെന്ന് മാത്യൂസ് തൃതീയൻ ബാവ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

‘കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് സർക്കാർ’, ‘എൽ.ഡി.എഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും’, ‘ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണ്’. തുടങ്ങിയ പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്ന് വ്യക്തമായി. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല.

വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. വീട്ടകങ്ങളിൽ ഭയന്നു കഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും,വീട്ടമ്മമാരെയും ഓർത്ത് ഈ മദ്യനയം സർക്കാർ തിരുത്തണമെന്ന് മാത്യൂസ് തൃതീയൻ ബാവ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!