എഥനോൾ കലരാത്ത പെട്രോൾ എവിടെ ലഭിക്കുമെന്ന ആശയക്കുഴപ്പത്തിന് പരിഹാരവുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം

ന്യൂഡൽഹി: എഥനോൾ കലരാത്ത പെട്രോൾ എവിടെ ലഭിക്കുമെന്ന ആശയക്കുഴപ്പത്തിന് പരിഹാരവുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. വിവിധ എണ്ണക്കമ്പനികളുടെ വെബ്സൈറ്റുകൾ തിരഞ്ഞുനോക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, രാജ്യത്തുടനീളമുള്ള ഇ0 (E0) പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ വിവരങ്ങൾ ഒറ്റയിടത്ത് ലഭ്യമാക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് ഒരു ഐടി എൻജിനീയർ വികസിപ്പിച്ചിരിക്കുന്നത്.

ഡൽഹി സ്വദേശിയായ ഐടി എൻജിനീയർ ഗൗരവ് താക്കർ വികസിപ്പിച്ച www.e0fuel.in വെബ്സൈറ്റിലൂടെയും ഇ-സീറോ ഫൈൻഡർ (E-Zero Finder) ആപ്പിലൂടെയും വാഹന ഉടമകൾക്ക് സമീപത്തുള്ള ഇ0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താനാകും.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ വിവരങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ എക്സ്പി100 (XP100), ഭാരത് പെട്രോളിയത്തിന്റെ സ്പീഡ്100 (Speed100), ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ100 (Power100) എന്നിവ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകൾ ഉപയോക്താക്കൾക്ക് കാണാനാകും.

ആപ്പിൽ അക്കൗണ്ട് സൃഷ്ടിക്കുകയോ ഫോൺ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തുകയോ ചെയ്യേണ്ടതില്ല. സമീപത്തെ പെട്രോൾ പമ്പുകളുടെ സ്ഥാനം, അവിടേക്കുള്ള വഴി, ഇന്ധനവില, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നേരിട്ട് ലഭിക്കും.

ഇ20 പെട്രോളിനെ ചൊല്ലിയുള്ള ചർച്ചകളും ആശങ്കകളും തുടരുന്നതിനിടെ, വാഹന ഉടമകൾക്ക് വിശ്വസനീയമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റും ആപ്പും വികസിപ്പിച്ചതെന്ന് ഗൗരവ് താക്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!