ലഖ്‌നൗ: മൊറാദാബാദിലെ ഒരു മദ്രസ മാനേജ്‌മെന്റ് ഏഴാം ക്ലാസിലെ വിദ്യാര്‍ഥിയില്‍ നിന്ന് കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധം തുടരുന്നു. അനുസരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥിനിയെ പുറത്താക്കുമെന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സ്ഥാപന മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചു.
വിദ്യാര്‍ഥിനിയുടെ കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഛണ്ഡീഗഡ് സ്വദേശിയാണ് പെണ്‍കുട്ടി. ഒക്ടോബര്‍ 14നാണ് വിദ്യാര്‍ഥിയുടെ പിതാവ് മദ്രസ മാനേജ്‌മെന്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളുടെ മകളുടെ വ്യക്തിത്വത്തെ അപമാനിച്ചുവെന്ന് വിദ്യാര്‍ഥിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും മാനേജ്‌മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിയെ എട്ടാം ക്ലാസിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി കുടുംബം മദ്രസയെ സമീപിച്ചപ്പോള്‍ മാനേജ്‌മെന്റ് പെണ്‍കുട്ടിയുടെ കന്യകാത്വ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ ആവശ്യം കേട്ട് മനസ് വേദനിച്ച കുടുംബം കുട്ടിയുമായി വീട്ടിലേയ്ക്ക് മടങ്ങി.
കന്യകാത്വം പരിശോധിക്കുന്നതിനായി വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് ടിസി നല്‍കുന്നതിന്റെ പേരില്‍ 500 രൂപയും വാങ്ങിയെന്നാണ് പിതാവ് ആരോപിക്കുന്നത്. തന്റെ ഭാര്യ കുറച്ചു കാലത്തേക്ക് രോഗിയായ അമ്മയെ കാണാന്‍ അലഹബാദിലേയ്ക്ക് പോയിരുന്നുവെന്നും ആ സമയത്ത് മകളേയും ഒപ്പം കൂട്ടിയിരുന്നുവെന്നും യൂസുഫ് പറയുന്നു. പിന്നീട് മകളുമായി ഭാര്യ സ്‌കൂളിലെത്തിയപ്പോഴാണ് യൂസഫ് തന്റെ മകളോട് അനുചിതമായി പെരുമാറാറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ മകളെ വീണ്ടും പ്രവേശിപ്പിക്കാന്‍ സ്‌കൂള്‍ വിസമ്മതിക്കുകയും ചെയ്തതെന്നും പിതാവ് പറയുന്നു.
ഭാര്യ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് 500 രൂപ ചോദിക്കുകയും ചെയ്തു. ഫോം സമര്‍പ്പിച്ചതിന് ശേഷം മദ്രസാ മാനേജ്‌മെന്റ് ഓഗസ്റ്റ് 21 മുതല്‍ ടിസി നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയുടെ ഭാവിയെ തടസപ്പെടുത്തുകയാണ് ചെയ്തതെന്നും യൂസഫ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.
