ഗാർഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: ഗാർഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരായതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ വീടുകയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

അഭിഭാഷക ദമ്പതികളായ ടി എം ഡോള്‍ഗോ, നീമ എന്നിവരുടെ വീടിന് നേരെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു ആക്രമണം. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കല്‍ മോഹൻദാസിനാണ് (80) പരിക്കേറ്റത്. സംഭവത്തില്‍ സമീപവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഡസ്റ്ററിനെതിരെ ഭാര്യ ഗാർഹിക പീഡനക്കേസ് നല്‍കിയിരുന്നു. ഇതില്‍ പരാതിക്കാരിയുടെ അഭിഭാഷകൻ ഡോള്‍ഗോ ആണ്. കേസ് ഏറ്റെടുത്തതിലെ വൈരാഗ്യം മൂലം ഡോള്‍ഗോയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടെ ആക്രമികള്‍ ആസൂത്രിതമായി എത്തിയതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവസമയം അഭിഭാഷകർ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പ്രതികള്‍ മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് പ്രതികള്‍ തട്ടിക്കയറി. ശേഷം മോഹൻദാസിനെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചു.

ഡസ്റ്റർ മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ ഡൈനാസ്റ്റർ കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റില്‍ കുത്തി. രക്തം വാർന്നുകിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹൻദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. വൃക്കയ്‌ക്കും പാൻക്രിയാസിനുമാണ് കുത്തേറ്റത്. തന്റെ സഹോദരിയുടെ നാല്, എട്ട്, പന്ത്രണ്ട് വയസുള്ള കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു അക്രമമെന്ന് ഡോള്‍ഗോ പറഞ്ഞു. കുട്ടികള്‍ ഇപ്പോഴും ഭീതിയില്‍ നിന്ന് മുക്തരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡസ്റ്ററിന്റെ ഭാര്യ നിയമസഹായം ചോദിച്ച്‌ ഓഫീസില്‍ എത്തിയപ്പോള്‍ അത് കൊടുക്കുക മാത്രമേ ചെയ്‌തിട്ടുള്ളു. കുടുംബത്തിലെ ബാക്കിയുള്ലവരെകൂടി തീർക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഡോള്‍ഗോ പറഞ്ഞു. അക്രമത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ഉടൻതന്നെ പിടിയിലായി. ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!