കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം: ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച റഷ്യൻ കമ്പനിക്ക് കരാർ പ്രകാരമുള്ള തുക നൽകാതെ സ്പോൺസർ കബളിപ്പിച്ചതായി പരാതി

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച റഷ്യൻ കമ്പനിക്ക് കരാർ പ്രകാരമുള്ള തുക നൽകാതെ സ്പോൺസർ കബളിപ്പിച്ചതായി പരാതി.

സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച ലൈറ്റിങ് ടെക്നോളജീസ് കമ്പനിക്ക് 3.68 കോടി രൂപ നൽകാനുണ്ടെന്നാണ് പരാതി. പണം ലഭിക്കാത്തതിനെ തുടർന്ന് കമ്പനി നിയമനടപടികൾ ആരംഭിച്ചു. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം .

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആറ് കോടിയിലധികം രൂപയുടെ കൊട്ടേഷനാണ് ലൈറ്റിങ് ടെക്നോളജീസ് ആദ്യം നൽകിയത്. പിന്നീട് ചർച്ചകൾക്കൊടുവിൽ തുക കുറച്ചു. ഇതിൽ 1.4 കോടി രൂപ മാത്രമാണ് കമ്പനിക്ക് മുൻകൂറായി ലഭിച്ചത്.

ഐഎസ്എൽ മത്സരങ്ങൾക്കായി നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടതനുസരിച്ച് ലൈറ്റിങ് ടെക്നോളജീസ് നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയെന്നാണ് കമ്പനി പറയുന്നത്.

എന്നാൽ പണി പൂർത്തിയാക്കി എട്ട് മാസം പിന്നിട്ടിട്ടും ബാക്കി തുക നൽകാൻ സ്പോൺസർ തയ്യാറായില്ലെന്നാണ് പരാതി. പണം ലഭിക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി.സി.ഡി.എ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലൈറ്റിങ് ടെക്നോളജീസ് അധികൃതർ കത്തയച്ചു. ജി.സി.ഡി.എ ചെയർമാനും സെക്രട്ടറിക്കും നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!