കുട്ടികളുടെ ലഹരി ഉപയോഗം മറച്ചുവച്ചാൽ സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ.

സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് വിവരം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്‌കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.

ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോൾ) കലർന്ന മിഠായി സ്‌കൂൾ വിദ്യാർത്ഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് എടുത്തത്.

കേസുകൾ കണ്ടെത്തുമ്പോൾ സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ്‌കൂളിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്‌കൂളുകൾക്ക് കർശന നിർദേശം നൽകും.

യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യൂ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. സഞ്ജീവ് കുമാർ, കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത്, എന്നിവർ പങ്കെടുത്തു.

അതെ സമയം ഈ വർഷം ആഗസ്റ്റ് 12 വരെ 8175 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. 24.97 കിലോഗ്രാം കഞ്ചാവ്, 2.4 കിലോഗ്രാം കഞ്ചാവ് കലർത്തിയ മിഠായി, 39 കഞ്ചാവ് ചെടികൾ, രണ്ടു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 61.81 ഗ്രാം എം.ഡി.എം.എ, 2.511 ഗ്രാം ഹഷീഷ് ഓയിൽ, 11.217 ഗ്രാം മെത്താംഫിറ്റമിൻ, 0.06 ഗ്രാം എൽ.എസ്.ഡി, 3.48 ഗ്രാം നൈട്രോസീപാം ടാബ്, 1829 മില്ലി മെഫെൻറമൈൻ സൾഫേറ്റ് എന്നിവയും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!