ആറാം ക്ലാസുകാരി പുലർച്ചെ ട്രെയിൻ കയറി മംഗളൂരുവിലേക്ക്; തട്ടിക്കൊണ്ടുപോയെന്ന് നാട്ടിൽ അഭ്യൂഹം; ഒടുവിൽ സംഭവിച്ചത്…

കാസർകോട് : അതിരാവിലെ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറാം ക്ലാസുകാരി ട്രെയിനിൽ കയറി മംഗളൂരുവിലേക്ക് പോയത് നാട്ടിൽ വലിയ ആശങ്കയ്ക്കിടയാക്കി. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്ന തരത്തിൽ വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തരായി.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ മംഗളൂരു പോലീസിൽനിന്ന് ബേക്കൽ പോലീസിന് വിവരം ലഭിച്ചു. കുട്ടി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി ഉണ്ടെന്നായിരുന്നു പോലീസിന്റെ അറിയിപ്പ്.

തുടർന്ന് ബേക്കൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമായത്. അതിരാവിലെ പഠിക്കേണ്ടി വരുന്നതിലുള്ള പേടി കാരണമാണ് ട്രെയിൻ കയറി മംഗളൂരുവിലേക്ക് പോയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണത്തിനും അവസാനമായി.

മംഗളൂരുവിലെത്തിയ ശേഷം ഒരു ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്ന് ഫോൺ വാങ്ങി കുട്ടി വീട്ടുകാരെ വിളിച്ചിരുന്നു. ഇതും കുടുംബത്തിന്റെ ആശങ്ക കുറയ്ക്കാൻ സഹായിച്ചു. ബേക്കൽ പോലീസ് കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം വീട്ടുകാർക്കൊപ്പം അയച്ചു. ബേക്കൽ ഇൻസ്‌പെക്ടർ പി. അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ. ഇ. ഉമേശനും സംഘവുമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!