സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ  പ്രചരിപ്പിച്ചു…യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കേസിൽ മുഹമ്മദ് നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് നിരീക്ഷിച്ചായിരുന്നു ഹർജി തീർപ്പാക്കിയത്.

ഇതിനിടെ മുഹമ്മദ് നിഹാദ് ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. കേസിൽ നിഹാദിനെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഹാദ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് ആലുവ റൂറൽ സൈബർ പൊലീസ് നിഹാദിനെതിരെ ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, നിയമലംഘനങ്ങൾക്കെ തിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായി നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ നേരത്തെ പൂർണമായും നീക്കം ചെയ്തിരുന്നു. പൊലീസിന്റെ ഔദ്യോഗിക ശിപാർശയും പ്രത്യേക റിപ്പോർട്ടും ലഭിച്ചതിന് പിന്നാലെയായിരുന്നു യൂട്യൂബിന്റെ നടപടി. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലാണ് ഇതോടെ അടച്ചുപൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!