രണ്ട് പേർ കൂടി പിടിയിൽ, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതം, 44 പേർ പിടിയിൽ

പത്തനംതിട്ട : വിദ്യാർത്ഥിനി നിരന്തരലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്.

ഈമാസം 10 ന് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആദ്യകേസ്‌ മുതൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിലൂടെ, 4 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പ്രതികളെയും കുടുക്കാൻ അന്വേഷണസംഘത്തിന് സാധിച്ചു. ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി വിദ്യാർത്ഥിനിയുടെ മൊഴികൾ അനുസരിച്ച് ആകെ 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷിനു ജോർജ്ജ് (23) ആണ് ഇന്ന് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇലവുംതിട്ട പോലീസ് പ്രജിത് കുമാർ (24) എന്നയാളെ അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 

ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 9 പ്രതികളും, പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഇലവുംതിട്ട സ്റ്റേഷനിലെ പ്രതികളിൽ ഒരാൾ പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷമെടുത്ത  പോക്സോ കേസിൽ  നിലവിൽ ജയിലിലാണ്. പത്തനംതിട്ട സ്റ്റേഷനിൽ പിടികൂടാനുള്ള പ്രതികളിൽ വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും. 

പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാർത്ഥിനിക്കൊപ്പം പഠിക്കുന്നവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരുമുണ്ട്. പിടികൂടാനുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!