എറണാകുളം : ഫോർട്ട് കൊച്ചിയിൽ വൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ. ഒരു വശത്ത് സ്വകാര്യ നിർമാണ കമ്പനിയുടെ വൻ ഫ്ലാറ്റ് സമുച്ചയം ഉയരുമ്പോൾ മറുവശത്ത് തകർന്നുവീഴുന്നത് സാധാരണക്കാരുടെ വീടുകളാണ്. വീടുകളുടെ ചുമരുകൾക്ക് വിള്ളൽ വീഴുകയും മതിലുകളും കിണറുകളും ഇടിയുകയും ചെയ്തതോടെ ഈ കുടുംബങ്ങളുടെ ദൈനംദിന ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഫ്ലാറ്റ് നിർമാതാക്കൾ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഇവയൊന്നും പാലിക്കപ്പെട്ടി ട്ടില്ല. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള കോൺഫിഡൻ്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണമാണ് നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുന്നത്.
ഫ്ലാറ്റിന്റെ പൈലിങ് ജോലികൾ തുടങ്ങിയതോടെയാണ് സമീപത്തെ വീടുകൾക്ക് പ്രശ്നങ്ങൾ ആരംഭിച്ചത്. വലിയ തോതിലുള്ള പൈലിങ് കാരണം വീടുകളുടെ അടിത്തറയിൽ നിന്നും ചുറ്റുമതിലിന്റെ താഴെ നിന്നും മണ്ണ് നീങ്ങിപ്പോകുന്ന സ്ഥിതിയാണുള്ളത്. ഇതുമൂലം വീടുകളുടെ ചുമരുകളിൽ വലിയ വിള്ളലുകൾ വീഴുകയും തറയിലെ ടൈലുകൾ വിണ്ടുകീറുകയും ഭൂമിക്കടിയിലുള്ള കുടിവെള്ള പൈപ്പുകൾ തകരുകയും ചെയ്തു.
കേവലം രണ്ട് വർഷം മാത്രം പഴക്കമുള്ള വീട് പോലും തകർച്ചയുടെ വക്കിലാണെന്ന് നാട്ടുകാർ പറയുന്നു.വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ഫ്ലാറ്റ് നിർമാതാക്കൾ അറ്റകുറ്റപ്പണികളും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിരുന്നു.
വീടുകളിൽ കഴിയാൻ ഭയമായതോടെ നിർമാതാക്കൾ തന്നെ ചിലർക്ക് അഞ്ച് മാസത്തേക്ക് വാടക വീടുകൾ ഏർപ്പാടാക്കി നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായില്ല. തുടർന്ന് ഒരു വീട്ടുടമസ്ഥൻ കോടതിയെ സമീപിക്കുകയും കോടതി കമ്മീഷനെ വെച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ഏപ്രിൽ 30നകം വീട് പഴയ രീതിയിലാക്കി നൽകാമെന്ന് നിർമാതാക്കൾ കോടതിയിൽ സമ്മതിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്നം തീർപ്പാക്കാതെ നിർമാണം മുന്നോട്ട് കൊണ്ടുപോകരുതെന്ന നിർദേശവും ലംഘിക്കപ്പെടുന്നതായാണ് പരാതി.
