‘4 ലക്ഷം കൊടുത്താൽ പിഎച്ച്ഡി റെഡി’… കേരളത്തിൽ വ്യാജ ഡോക്ടറേറ്റ് സംഘം…

തിരുവനന്തപുരം: നാല് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ നൽകിയാൽ പിഎച്ച്ഡി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന സംഘം സംസ്ഥാനത്ത് സജീവമെന്ന് സൂചന. കോളജ് അധ്യാപകർ, ഉപരിപഠനത്തിന് ശ്രമിക്കുന്നവർ, നിലവിൽ പിഎച്ച്ഡി ചെയ്യുന്നവർ എന്നിവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ അസം, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽനിന്ന് പിഎച്ച്ഡി തരപ്പെടുത്തി നൽകാമെന്നാണ് വാഗ്ദാനം. സർവകലാശാലകളുടെ സഹകരണത്തോ ടെയാണ് സംഘം പ്രവർത്തിക്കുന്നതെന്നാ ണ് ലഭിക്കുന്ന വിവരം.

നാല് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് പിഎച്ച്ഡിക്കായി ആവശ്യപ്പെടുന്നത്. പ്രവേശന പരീക്ഷ, ഡോക്ടറൽ കമ്മിറ്റി യോഗങ്ങൾ, സിനോപ്സിസ് തയ്യാറാക്കൽ, ഡേറ്റ ശേഖരണം, തീസിസ്, ഓപ്പൺ ഡിഫൻസ് തുടങ്ങി ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ സംഘം തന്നെ കൈകാര്യം ചെയ്യുമെന്നാണ് വാഗ്ദാനം. പഠനത്തിന് നിശ്ചയിച്ച കാലയളവ് പൂർത്തിയാക്കിയ ശേഷമാണ് പിഎച്ച്ഡി ലഭ്യമാക്കുകയെന്നും ഇവർ അവകാശപ്പെടുന്നു.

മുഴുവൻ പാക്കേജും ആവശ്യമില്ലാത്തവർക്ക് ഗവേഷണത്തിന്റെ ഏതെങ്കിലും പ്രത്യേക ഘട്ടത്തിൽ മാത്രം സഹായം നൽകാനും സംഘം തയ്യാറാണെന്നാണ് വിവരം. നിലവിൽ പിഎച്ച്ഡി ചെയ്യുന്നവരുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റുകളിൽ നിന്നും ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ കോളജ് വെബ്സൈറ്റുകളിൽനിന്നും ശേഖരിച്ചാണ് ബന്ധപ്പെടുന്നതെന്നാണ് സൂചന.

ഇത്തരം പരസ്യങ്ങൾ പങ്കുവയ്ക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതികരിക്കുന്നവരെയും സംഘം ലക്ഷ്യമിടുന്നുണ്ട്. വാട്സാപ് കോളുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തുടക്കത്തിൽ രാജ്യാന്തര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന വാഗ്ദാനവുമായാണ് ബന്ധപ്പെടുന്നത്. പിന്നീട് വിവിധ ‘പ്ലാനുകൾ’ മുന്നോട്ടുവയ്ക്കും. അസോസിയേറ്റ് പ്രൊഫസർ സ്ഥാനക്കയറ്റം ലക്ഷ്യമിടുന്ന കോളജ് അധ്യാപകരും സംഘത്തിന്റെ പ്രധാന ടാർഗറ്റാണെന്നാണ് വിവരം.


ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. തുടക്കത്തിൽ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രം ബന്ധപ്പെട്ടിരുന്ന സംഘം ഇപ്പോൾ മലയാളത്തിലും സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ സംഘത്തിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ, അടുത്തിടെ പി.എസ്.സി നടത്തിയ അധ്യാപക നിയമന പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയുടെ പിഎച്ച്ഡി സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. വ്യാജ പിഎച്ച്ഡിയുടെ പേരിൽ യു.ജി.സി വിലക്കുപട്ടികയിൽ ഉൾപ്പെടുത്തിയ രാജസ്ഥാനിലെ ഒരു സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. പിഎച്ച്ഡി സർട്ടിഫിക്കറ്റുകളുടെ പേരിൽ നടക്കുന്ന ഇടപാടുകളും സർവകലാശാലകളുടെ അംഗീകാരവും ഉൾപ്പെടെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്. പണം നൽകി പിഎച്ച്ഡി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇവർക്ക് സർവകലാശാലകളുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!