വനപാലകർ എത്തുംമുമ്പേ ‘ഹീറോ’യായി യുവാവ്.. കൂറ്റൻ മലമ്പാമ്പിനെ കഴുത്തിലിട്ട് നാട്ടുകാരുടെ മുന്നിൽ അഭ്യാസം..

പാലക്കാട് :  അട്ടപ്പാടി മേഖലയിൽ, ഒരു യുവാവ് കൂറ്റൻ മലമ്പാമ്പിനെ കഴുത്തിലിട്ട് നടത്തിയ സാഹസിക പ്രകടനം ശ്രദ്ധ നേടുന്നു. അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിൽ ഉൾപ്പെടുന്ന മേട്ടുവഴിയിലാണ് ഏകദേശം ഒരാഴ്ച മുൻപ് ഈ അമ്പരപ്പിക്കുന്ന സംഭവം നടന്നത്.

ജനവാസ കേന്ദ്രത്തിൽ മലമ്പാമ്പിനെ കണ്ടതിനെത്തുടർന്ന് പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. വനപാലകർ സ്ഥലത്തെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഈ ദൃശ്യം കണ്ടത്. പ്രദേശവാസിയായ യുവാവ്, വലിപ്പമേറിയ മലമ്പാമ്പിനെ ധൈര്യപൂർവ്വം തന്റെ കഴുത്തിൽ ചുറ്റി നിൽക്കുകയായിരുന്നു. കാഴ്ച കാണാനായി നിരവധി നാട്ടുകാർ ഇദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നു. ഇയാൾ ഏറെനേരം പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിക്കുന്നതിന്റെയും നാട്ടുകാർ നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് യുവാവ് പാമ്പിനെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

സംഭവത്തെത്തുടർന്ന് യുവാവിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പാമ്പുകളോട് നടത്തിയ ഈ രീതിയിലുള്ള ഇടപെടൽ നിയമലംഘനമാണോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!