‘കേന്ദ്രം ഒന്നും തന്നില്ല; ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല’; വയനാട് മാതൃക ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

കല്‍പ്പറ്റ: കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചെന്നും നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നത്. ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ല. കേരളത്തിന്റെ തനത് അതിജീവനമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ശിലസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തമുഖത്ത് പുനരധിവാസത്തില്‍ വലിയ സ്രോതസ് എന്നനിലയില്‍ കേരളം പ്രതീക്ഷിച്ചത് കേന്ദ്രസഹായം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ വഴിക്ക് ഇതേവരെ ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇനി എന്താണ് ലഭിക്കുകയെന്നത് പഴയ അനുഭവംവച്ച് പ്രതീക്ഷിക്കാനും കഴിയാത്ത അവസ്ഥയാണ്. കിട്ടിയത് വായ്പാ രുപത്തിലുള്ള തീര്‍ത്തും അപര്യാപ്തമായ തുകയാണ്. വായ്പയാകുമ്പോള്‍ തിരിച്ചടയ്ക്കണം’ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസഹായത്തിന്റെ അഭാവത്തിലും നാം പുനരധിവാസ പ്രവര്‍ത്തനം തയ്യാറാക്കി മുന്നോട്ടുപോയി. എല്ലാവരും അതുമായി സഹകരിക്കാനും തയ്യാറായി. നമ്മുടെ നാട് അതിന്റെ ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുകയാണ്. മഹാപ്രളയത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ഞെരുക്കം പോലും ബാധകമാകത്ത രീതിയില്‍ പുനരധിവാസ പദ്ധതിയുമായി മുന്നോട്ടുപോയത്. അതും മറ്റൊരു അപൂര്‍വതയാണ്. അസാധ്യമെന്ന് കരുതുന്ന ഈ ആസാധാരണദൗത്യം നേരിടാനുള്ള ആര്‍ജവും ധൈര്യവും ഉണ്ടായത് നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും കാരണമാണ്. അതിനൊപ്പം സര്‍ക്കാരിനും നില്‍ക്കാനായാല്‍ അസാധ്യത്തെ സാധ്യമാക്കാനാവും എന്നതാണ് സത്യം’- മുഖ്യമന്ത്രി പറഞ്ഞു.

നിയമതടസ്സങ്ങളെല്ലാം മറികടന്ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ചാലിയാര്‍വരെ ഒഴുകി. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!