യുവതിയെ പീഡിപ്പിച്ച പ്രതി തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു; പ്രതിക്കും പൊലീസ് ഉദ്യോഗസ്ഥനും വെടിയേറ്റു

അഹമ്മദാബാദ്: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന് പൊലീസിന്റെ വെടിയേറ്റു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിയായ ഉത്തർപ്രദേശ് ഹർദോയ് സ്വദേശി ധരം സിങ്ങിന് കാലിൽ വെടിയേറ്റത്. സംഭവത്തിനിടെ പൊലീസ് കോൺസ്റ്റബിളിനും വെടിയേറ്റു.

യുവതിയിൽനിന്ന് പ്രതി കവർന്ന മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി ഹെബത്പൂർ മേഖലയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. ഇൻസ്പെക്ടറുടെ സർവീസ് പിസ്റ്റൾ തട്ടിയെടുക്കാൻ ധരം സിങ് ശ്രമിച്ചതോടെ പൊലീസുകാരുമായി കയ്യാങ്കളിയുണ്ടായി. ഇതിനിടെ തോക്കിൽനിന്ന് വെടിപൊട്ടുകയും വീരേന്ദ്ര സിങ് എന്ന കോൺസ്റ്റബിളിന് പരുക്കേൽക്കുകയും ചെയ്തു.

തുടർന്ന് പ്രതിയെ കീഴടക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വീണ്ടും വെടിയുതിർത്തത്. ഇതിൽ ധരം സിങ്ങിന്റെ കാലിന് വെടിയേറ്റതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശിവം വർമ അറിയിച്ചു.

പരുക്കേറ്റ പ്രതിയെയും കോൺസ്റ്റബിളിനെയും സോളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ ധരം സിങ്ങിനെതിരെ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ബോഡക്ദേവ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ടെറസിൽ യുവതിയെ ആക്രമിച്ച് പീഡിപ്പിച്ചു

അഹമ്മദാബാദിലെ ആനന്ദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാർപ്പിട സമുച്ചയത്തിന്റെ ടെറസിലാണ് യുവതിക്കെതിരെ അതിക്രമമുണ്ടായത്. ശനിയാഴ്ച രാത്രി ടെറസിൽ നടക്കാനിറങ്ങിയ യുവതിയെ പ്രതി കഴുത്തുഞെരിച്ച് ബോധംകെടുത്താൻ ശ്രമിച്ചശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ടെറസിൽ പൂട്ടിയിട്ട പ്രതി മൊബൈൽ ഫോണും കവർന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് നാല് ദിവസം മുൻപാണ് ധരം സിങ് പാർപ്പിട സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. കുറ്റകൃത്യത്തിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോയി.

പ്രതിയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെ എട്ടോടെ ഹെബത്പൂരിന് സമീപത്തുനിന്നാണ് ധരം സിങ്ങിനെ പിടികൂടിയത്.

വൈദ്യപരിശോധനയും ഡിഎൻഎ സാമ്പിൾ ശേഖരണവും പൂർത്തിയാക്കിയ ശേഷമാണ് മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയത്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടാകുകയും വെടിവയ്പ്പിൽ കലാശിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!