കൊച്ചി : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
അസമിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഇരുവരും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ചാലയ്ക്കലിൽ വെച്ചാണ് കസ്റ്റഡിയിലായത്. ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്.
മയക്കുമരുന്ന് വിൽപ്പന നടത്തിയ ശേഷം അന്നുതന്നെ അസമിലേക്ക് മടങ്ങുകയായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഒരു ബോക്സ് ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ചെറിയ കുപ്പികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
