ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്‌നാട്; ചിത്രങ്ങളും റീല്‍സും എടുക്കാന്‍ അനുവദിക്കില്ല

ചെന്നൈ : റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പിലാകും.

ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു ചിത്രീകരണമോ അനുവദിക്കില്ല. വിഐപികളോ സിനിമാ താരങ്ങളോ ആരു വന്നാലും ഫോട്ടോയെ വീഡിയോയോ എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഭക്തര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യം ക്ഷേത്ര പ്രവേശന കവാടത്തില്‍ സജ്ജമാക്കും. ഒരു ഫോണിന് അഞ്ചു രൂപ ചാര്‍ജ് ഈടാക്കും. ഇതിന് ഇന്റഗ്രേറ്റഡ് ടെംപിള്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി രസീത് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര അധികാരികള്‍ സ്ഥാപിക്കണം. കൂടാതെ, മൈക്കിലൂടെയും ഇക്കാര്യം അറിയിക്കണം.

വിഐപി സന്ദര്‍ശനത്തെക്കുറിച്ച് ഒരു ദിവസം മുമ്പെങ്കിലും കമ്മീഷണറെ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് 2022 ഡിസംബര്‍ 2-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാ നത്തിലാണ് ദേവസ്വം വകുപ്പിന്റെ സര്‍ക്കുലര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!