ഭീംബാലി : ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും പിന്നാലെ മലയാളികളടക്കം ആയിരത്തോളം തീർഥാടകർ വഴിയിൽ കുടുങ്ങി. കേദാർനാഥ് തീർഥാടനം കഴിഞ്ഞ് ഗൗരികുണ്ഡിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ഭീംബാലിയിൽ യാത്ര തടസ്സപ്പെട്ട് കുടുങ്ങിയത്.
റോഡിലേക്ക് മണ്ണും കല്ലുകളും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പോലീസ് തീർഥാടകരെ മുന്നോട്ടുപോകുന്നതിൽ നിന്ന് തടഞ്ഞത്.രാവിലെ യാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്ന പോലീസ് അറിയിപ്പിനെ തുടർന്നാണ് തീർഥാടകർ കേദാർനാഥിൽനിന്ന് താഴേക്ക് യാത്ര തിരിച്ചത്. എന്നാൽ ഭീംബാലിയിൽ എത്തിയതോടെ പ്രദേശത്തെ സ്ഥിതിഗതികൾ മാറുകയായിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്ര നിർത്തിവയ്ക്കുകയായിരുന്നു.
മണ്ണിടിച്ചിൽ ഭീഷണി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ തീർഥാടകർക്ക് സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ മറ്റ് സംവിധാനങ്ങളും അധികൃതർ അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പാതയിൽ കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം, ഉത്തരാഖണ്ഡിന് പുറമെ ഉത്തർപ്രദേശ്, ഒഡിഷ, സിക്കിം, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ വ്യാപക നാശനഷ്ടമാണ് വിതച്ചത്. ഉത്തർപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ 56 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും രൂക്ഷമായി. നിരവധി ആളുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതാ യാണ് റിപ്പോർട്ട്. റോഡുകളും ഗ്രാമപ്രദേശങ്ങളും വെള്ളത്തിനടിയിലായ തോടെ ഗതാഗതം താറുമാറായി. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാലാവസ്ഥ കൂടുതൽ പ്രതികൂലമായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലടക്കം ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും ശക്തമാക്കിയിരിക്കുകയാണ്.
