മലപ്പുറം : വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കു കയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
‘വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ല. ഞങ്ങൾ ഇതുവരെ പൂർണമായി ചൊല്ലിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ചൊല്ലിയെങ്കിലും നിയമസഭയിൽ മുഴുവനും ചൊല്ലിയില്ല. ആ നയത്തിൽ മാത്രമില്ല. ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ചു മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് പറയാം’- മന്ത്രി പറഞ്ഞു.
അതേസമയം വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്.
