മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം… കത്ത് നൽകി എംഎൽഎ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യം. ആറന്മുള എംഎൽഎ അബിൻ വർക്കിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകിയത്.

ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ്, ദേശീയപാതകളിലൂടെ സർവീസ് നടത്തുന്ന മിന്നൽ ബസുകളിൽ രാത്രികാല യാത്രയും ഉയർന്ന വേഗതയും കണക്കിലെടുത്ത് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് എംഎൽഎയുടെ ആവശ്യം.

ഉയർന്ന വേഗതയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ അപകടത്തിനും ഗുരുതര പരിക്കുകൾക്കും സാധ്യതയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു. ആവശ്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്ആർടിസി എംഡി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!