കൊച്ചി: വ്യാജപരാതി ഉപയോഗിച്ച് കെട്ടിട ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ (45), ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ (44) എന്നിവരെയാണ് എറണാകുളം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ‘പ്രോജക്ട് സീറോ’യുടെ ഭാഗമായാണ് നടപടി.
കലൂർ കതൃക്കടവിലെ വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട പരാതിയാണ് കേസിന് പിന്നിൽ. 2009 മുതൽ കെട്ടിട നമ്പർ ലഭിച്ച് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വാടകക്കാർ ഒഴിഞ്ഞതോടെ പുതിയ വാടകക്കാരെ എത്തിക്കുന്നതി നായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെയാണ് ‘ലാൻഡ് ആൻഡ് ബിൽഡിങ് സേഫ്റ്റി കൗൺസിൽ’ എന്ന സംഘടനയുടെ പേരിൽ ഷാനവാസ് കോർപറേഷനിൽ പരാതി നൽകിയത്. കെട്ടിട നിർമാണത്തിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
പരാതിയെ തുടർന്ന് കെട്ടിട ഉടമ കോർപറേഷൻ ഓവർസിയറായ സീനയെ സമീപിക്കുകയും രേഖകൾ കൈമാറുകയും ചെയ്തു. തുടർന്ന് സീന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാ ണ് പണം ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ നടന്നതെന്നാണ് വിജിലൻസ് കേസ്. കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഷാനവാസുമായി ‘സെറ്റിൽ’ ചെയ്യണമെന്ന് സീന ആവശ്യപ്പെട്ടതായാണ് ആരോപണം. തുടർന്ന് കെട്ടിട ഉടമയുടെ കെയർടേക്കർ കോർപറേഷൻ ഓഫീസിലെത്തിയപ്പോൾ ഷാനവാസിന്റെ ഫോൺ നമ്പർ നൽകുകയും ഇയാളുമായി സംസാരിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഷാനവാസിനെ ബന്ധപ്പെട്ടപ്പോൾ പരാതി പിൻവലിക്കുന്നതിന് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചതോടെ ആവശ്യം 2 ലക്ഷം രൂപയായി കുറച്ചു. ഇതിന് പുറമെ സീനയ്ക്ക് നൽകാനായി 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. പരാതി സംബന്ധിച്ച വിവരങ്ങൾ സീനയെ അറിയിക്കുമ്പോൾ സാധാരണ ഫോൺ ഉപയോഗിക്കരുതെന്നും വാട്സാപ് കോൾ ചെയ്യണമെന്നും ഷാനവാസ് നിർദേശിച്ചതായും വിജിലൻസ് പറയുന്നു.
തുടർന്ന് പരാതിക്കാരൻ സീനയെ വാട്സാപ് കോളിൽ ബന്ധപ്പെടുകയും ഷാനവാസുമായി ധാരണയിലെത്തിയ തായി അറിയിക്കുകയും ചെയ്തു. എന്നാൽ കെട്ടിടത്തിന് യു.എ. നമ്പർ ലഭിച്ചാൽ നികുതിയും പിഴയും ഉൾപ്പെടെ മൂന്നിരട്ടിയിലധികം തുക അടയ്ക്കേണ്ടിവരുമെന്ന് സീന പറഞ്ഞതായും 25,000 രൂപ നൽകാൻ നിർദേശിച്ചതായുമാണ് വിജിലൻസ് കണ്ടെത്തൽ.
പണം കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ച് കൈമാറാനായിരുന്നു നിർദേശം. ഇതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. തുടർന്ന് എറണാകുളം വിജിലൻസ് സംഘം കെണിയൊരുക്കി. വൈകിട്ട് 5.10ഓടെ കലൂർ ബസ് സ്റ്റാൻഡിന് സമീപം പരാതിക്കാരനിൽ നിന്ന് 25,000 രൂപ വാങ്ങുന്നതിനിടെയാണ് സീന പിടിയിലായത്. പിന്നാലെ ഷാനവാസിനെ യും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
