തൃശൂർ: മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.നിലവിൽ തനിക്കെതിരെ നാല് കേസുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയാക്കി വെടിവെച്ച് കൊല്ലാൻ വരെ ഉത്തരവിട്ടെന്നുമാണ് അർജുൻ ആയങ്കിയുടെ ആരോപണം. കള്ളക്കേസിൽ ജയിലിലാക്കിയതോടെ തന്റെ ജീവിതം താറുമാറായെന്നും കുറിപ്പിൽ പറയുന്നു.
‘തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്’ എന്നും അർജുൻ ആയങ്കി ആരോപിച്ചു. ഒളിവിൽ കഴിയുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണം പുറത്തുവന്നത്.
അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ
ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ
റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക്
അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു..!
വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!!കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. അയാൾ എന്തിന് ഇങ്ങനെ ചെയ്തു. ഞങ്ങളെ ആറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ.
മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയവനു ചത്താലും ഭയപ്പാടില്ല, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല
