വീടിന്റെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കിയില്ല, 19 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി

മലപ്പുറം: വീടുപണി പറഞ്ഞ സമയത്തിലും കൃത്യമായും പൂര്‍ത്തീകരിച്ചില്ലെന്ന പരാതിയില്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിൽ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി & ഡി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേര്‍ന്ന് 19,34,200 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.

പത്തനംതിട്ട അഴൂരില്‍ താമസിക്കുന്ന ബംഗ്ലാവ് വീട്ടില്‍ മഹേഷും ഭാര്യ ഹിമയുമാണ് പരാതി നല്‍കിയത്. ഇവര്‍ 2019 മാര്‍ച്ചില്‍ പത്തനംതിട്ട പ്രമാടത്ത് വീട് നിര്‍മിക്കുന്നതിന് വേണ്ടി ഡി & ഡി കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. 2020 ഫെബ്രുവരി അഞ്ചിന് മുമ്പായി വീടു പണിപൂര്‍ത്തീകരിച്ചു നല്‍കുമെന്നായിരുന്നു കരാര്‍. പലപ്പോഴായി 26,76,000 രൂപ കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയബന്ധിതമായി വീടുപണി പൂര്‍ത്തിയാക്കിയില്ലെന്നും കൃത്യമായിട്ടല്ല നിര്‍മാണം നടത്തിയതെന്നുമാണ് പരാതി.

ഇരുകക്ഷികളുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമ്മീഷന്‍ കൂടുതല്‍ തെളിവിനുവേണ്ടി ഒരു എഞ്ചിനീയറെ വിദഗ്ധ കമ്മീഷണറായി നിയോഗിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ പണികളും മറ്റും പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികള്‍ 14,94,800 രൂപയുടെ ജോലി മാത്രമേ നടത്തിയിട്ടുളളൂവെന്നും മനപൂര്‍വമായി വീടിന്റെ പണി നീട്ടികൊണ്ടു പോകുകയാണു ചെയ്തതെന്നും ബോധ്യപ്പെട്ടു.

കൂടുതല്‍ വാങ്ങിയ 11,81,200 രൂപ 7.5 % പലിശ സഹിതം തിരികെ നല്‍കാനും, നഷ്ടപരിഹാരമായി 7,50,000 രൂപയും, കോടതി ചിലവിനത്തില്‍ 30,000 രൂപയും ചേര്‍ത്ത് 19,34,200 രൂപ നല്‍കുവാന്‍ കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും വിധി പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!