ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരടക്കം 14 നാവികരെ രക്ഷപ്പെടുത്തി

സനാ: ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പൽ മുങ്ങി. യെമന്റെ പടിഞ്ഞാറൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന എംഎസ്‌വി ഫൈസെ നൂർ ഒലിയ എന്ന ചരക്കുകപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി ചികിത്സ നൽകിയതായി യെമെൻ സൈന്യം അറിയിച്ചു.


ഹൂതി വിമതരുടെ  നിയന്ത്രണത്തിലുള്ള ഹുദൈദ നഗരത്തിൽ നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ തെക്കുഭാഗത്തുവച്ചാണ് ആക്രമണം നടന്നത്. യെമെൻ കോസ്റ്റ് ഗാർഡും നേവി യൂണിറ്റും ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെയാണ് നാവികരെ സുരക്ഷിതരായി കരയിലെത്തിച്ചതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ് ഫോഴ്സ് അറിയിച്ചു.

സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രകോപനമില്ലാതെ വ്യാപാരക്കപ്പലുകൾ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചു.

ഇന്ത്യൻ പതാക വഹിക്കുന്ന എംഎസ്‌പി ഫൈസെ നൂർ ഒലിയ യെമൻ കടലിൽ ആക്രമിക്കപ്പെട്ട് മുങ്ങിയതായി സ്ഥിരീകരിച്ച മന്ത്രി, പ്രതിരോധ സംവിധാനങ്ങളില്ലാത്ത  ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കി. 13 ഇന്ത്യക്കാരടക്കം 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന വിവരം ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരുടെ സുരക്ഷയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷനോട് മറ്റ് ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സർബാനന്ദ സോനോവാൾ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!