ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിൽ (പിഒകെ) തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആഭ്യന്തര പ്രതിഷേധം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്കെതിരെയും കടുത്ത നടപടികളുമായി പാക്കിസ്ഥാൻ. അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലോക്ക് ചെയ്‌തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
പിഒകെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാസേനയുടെ അടിച്ചമർത്തൽ നടപടികളും ലോകത്തിന് മുന്നിലെത്തിച്ച മാധ്യമങ്ങളെയാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അൽ ജസീറ വോട്ടെടുപ്പിനെക്കുറിച്ച് തെറ്റായതും പക്ഷപാതപരവുമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വിശദീകരണം. മുസാഫറാബാദിലെ ചില പോളിങ് കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ തെറ്റായി അവതരിപ്പിച്ചുവെന്നും മന്ത്രാലയം ആരോപിച്ചു.
ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനിടെ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ജൂൺ മുതൽ നടന്ന അക്രമങ്ങളിൽ 80-ലധികം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 43 മരണങ്ങൾ ജൂലൈ 27ന് ശേഷമാണ് ഉണ്ടായത്. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. Time& Calendars
50 ദിവസത്തിലേറെയായി ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടതിനാൽ വാർത്ത ശേഖരണം വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് അൽ ജസീറ അറിയിച്ചു. മുസാഫറാബാദിൽ വോട്ടർമാർ ബഹിഷ്‌കരണം നടത്തിയതായും, വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും സ്തംഭിച്ചതായും ചാനൽ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ ചില യൂട്യൂബ് ചാനലുകൾക്കും ഇസ്‌ലാമാബാദ് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി സുരക്ഷാസേനയുടെ അതിക്രമങ്ങൾ ആരോപിച്ച് വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. മുസാഫറാബാദിൽ ഒരു സാധാരണക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ തെരുവിലൂടെ വലിച്ചിഴച്ച് മർദിക്കുന്ന ദൃശ്യങ്ങളും, സിവിൽ വസ്ത്രം ധരിച്ച ഒരാൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്നതായുള്ള ആരോപണവും കമ്മിറ്റി ഉന്നയിച്ചു.
പിഒകെയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഇസ്‌ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷാ വിന്യാസവും ഏർപ്പെടുത്തിയിരിക്കുകയാണ്.
