മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാതായി; ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടെന്നുണ്ടായ മിന്നൽ പ്രളയവും രാത്രിയിലെ തീവ്രമഴയുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (IMD) പോലും മഴയുടെ തീവ്രത കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച 316 ക്യാമ്പുകളിലായി 11,018 പേരെ നിലവിൽ പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിലും മറ്റു പ്രദേശങ്ങളിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മഴ കടുത്ത അന്ന് പുലർച്ചെ മുതൽ തന്നെ മന്ത്രിമാർ നേരിട്ടിറങ്ങി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
 
പത്തനംതിട്ടയിലെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ സജ്ജമാണ്

സംസ്ഥാനത്ത് 165 ഹെക്‌ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.

മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകും.

വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായവർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.

ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നിലവിൽ ഒരു ഡാമിലും അധിക വെള്ളമില്ലെന്നും വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂഴിയാർ ഡാമിൽ മാത്രമാണ് നിലവിൽ നേരിയ ആശങ്കയുള്ളത്.

നേരത്തെ തന്നെ പ്രീ-മൺസൂൺ യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിരുന്ന തായും ദുരന്ത നിവാരണ സെക്രട്ടറി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!