ക്യാൻസറിനെ അതിജീവിച്ച് സംരംഭക; തുണച്ചത് കേന്ദ്രത്തിന്റെ സ്‌കിൽ ഇന്ത്യ മിഷൻ


എറണാകുളം: കൊല്ലം സ്വദേശിനി പ്രസീത യ്ക്ക് പറയാനുള്ളത്  രാജ്യത്താകെയുള്ള വനിതകൾക്ക് ഏറെ പ്രചോദനം പകരുന്ന ഒരു അതീജീവന കഥ. മൂന്ന് വർഷത്തോളം ക്യാൻസർ രോഗത്തിനോട് പൊരുതി ജയിച്ച പ്രസീത ഇന്ന് ഒരു സംരംഭകയെന്ന നിലയിൽ വിജയക്കൊടി നാട്ടിയിരിക്കുകയാണ്.

രോഗം ശാരീകമായി തളർത്തിയപ്പോൾ മനോബലവും, നിശ്ചയദാർഢ്യവും കൈമുതലാക്കിക്കൊണ്ടായിരുന്നു പ്രസീത തന്റെ സംരംഭം കെട്ടിപ്പടുത്തത്.

സ്‌കിൽ ഇന്ത്യ മിഷന്റെ ഭാഗമായുള്ള പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിലെ പിഎംകെവിവൈ പദ്ധതിയ്ക്ക് കീഴിൽ അപ്പാരൽ കോഴ്‌സിന് എന്റോൾ ചെയ്തതാണ് പ്രസീതയുടെ ജീവിതം മാറ്റി മറിച്ചത്. ഇതോടെ സംരംഭം എന്ന സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കാൻ പ്രസീതയ്ക്ക് കഴിഞ്ഞു.

അപ്പാരൽ ഇൻഡസ്ട്രിയെക്കുറിച്ച് കൂടുതൽ വിപുലമായി മനസ്സിലാക്കുവാനും, സാങ്കേതിക മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള അറിവുകൾ നേടുവാനും പദ്ധതി പ്രസീതയെ സഹായിച്ചു. ഇതിന് പുറമേ ഉത്പ്പന്നങ്ങൾക്ക് വിപണി എങ്ങനെ കണ്ടെത്തണമെന്നും പരിശീലന പരിപാടിയിലൂടെ പ്രസീതയ്ക്ക് സാധിച്ചു.

കോഴ്‌സ് പൂർത്തിയാക്കിയ് ശേഷം പ്രസീത സ്‌കിൽ സർട്ടിഫിക്കറ്റ് നേടുകയും പ്രധാൻ മന്ത്രി എംപ്ലോയ്‌മെന്റ് ഗ്യാരണ്ടീ പ്രോഗ്രാം (പിഎംഇജിപി) പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ വായ്പയ്ക്ക് അർഹയാവുകയും ചെയ്തു. ഈ തുക കൊണ്ട് ശ്രീ വിനായകം റെഡിമെയ്ഡ് ഗാർമെന്റ്‌സ് എന്ന പേരിൽ സ്വന്തം സംരംഭം ആരംഭിക്കുകയായിരുന്നു.

ഈ സംരംഭം പുതുജീവിതം നൽകിയതാകട്ടെ 12 കുടുംബങ്ങൾക്കാണ്. 12 പേരാണ് ഇന്ന് പ്രസീതയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. സ്‌കൂൾ യൂണിഫോം, നൈറ്റ് വെയറുകൾ, കുർത്ത തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം എത്തിച്ചുനൽകുകയാണ് പ്രസീത ചെയ്യുന്നത്.

15 സ്റ്റിച്ചിംഗ് മെഷീനുകൾ, 1 ഓവർലോക്ക് മെഷീൻ, ഒരു കട്ടിംഗ് മെഷീൻ, ബോയിലിംഗ് മെഷീൻ, ബട്ടൺ മെഷീൻ, ബട്ടൻഹോൾ മെഷീൻ എന്നീ മെഷീനറികളാണ് പ്രസീതയുടെ യൂണിറ്റിലുള്ളത്. ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കുവാൻ സഹായിച്ചതിനും അതുവഴി നിരവധി സ്ത്രീകൾക്ക് മാതൃകയാകാനും കഴിഞ്ഞതിൽ പ്രസീത സ്‌കിൽ ഇന്ത്യ മിഷനോടുള്ള നന്ദി പറയാനും മടിയ്ക്കുന്നില്ല.

2024 -25 ഇടക്കാല യൂണിയൻ ബജറ്റിൽ സ്‌കിൽ ഇന്ത്യ മിഷന്റെ നേട്ടങ്ങളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ പരാമർശിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകിയ പദ്ധതി വനിതാ സംരംഭകർക്ക് പിന്തുണ ഉറപ്പാക്കുന്ന സർക്കാറിന്റെ ശക്തമായ പ്രതിബദ്ധതയെ അടിവരയിടുന്നു. 2023 ഡിസംബർ 9 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ആകെ 2,79,713 പേർ പിഎംകെവിവൈ പദ്ധതിയ്ക്ക് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.

ക്രെഡിറ്റ്, ടെക്‌നോളജി, അടിസ്ഥാന സൗകര്യങ്ങൾ, സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ ഈ പദ്ധതിയിലൂടെ രാജ്യത്തെ വനിതകൾക്കായി സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി വിവിധങ്ങളായ തൊഴിലവസരങ്ങൾ കണ്ടെത്തുവാനും സ്വയംപര്യാപ്തത കൈവരിച്ച് ഉപജീവനം നടത്തുവാനും സാധാരണക്കാരായ വനിതകൾക്ക് സാധിക്കുന്നു.

2047 ആകുന്നതോടെ വികസിത രാഷ്ട്രമെന്ന ഖ്യാതി നമ്മുടെ രാജ്യത്തിന് നേടിയെടുക്കണമെങ്കിൽ പല വ്യവസായ മേഖലകളിലുമുള്ള സ്ത്രീ ശക്തി കൂടുതൽ പ്രബലമാകേണ്ടതുണ്ട്. അതോടൊപ്പം സംരംഭക പരിതസ്ഥിതി സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമാ യിരിക്കണം. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) വനിതാ കേന്ദ്രീകൃമായ പല നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് & സ്‌മോൾ ബിസിനസ് ഡെവല്പ്‌മെന്റ്, ജൻ ശിക്ഷൻ സൻസ്ഥൻസ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്‌സ്, സ്‌കിൽ ഇന്ത്യയുടെ പ്രധാന പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന ( പിഎംകെവിവൈ) എന്നിവ അവയിൽ ചിലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!