പാളയം പെട്രോൾ പമ്പിൽ കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ്… 1.80 ലക്ഷവുമായി മുങ്ങിയ പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ പാളയത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്ന് ഓട്ടോയിൽ കടന്നുകളഞ്ഞ പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി. മലപ്പുറം പൊന്നാനി സ്വദേശിയായ പി.എം. തഫ്സീർ ദർവേഷ് (30) ആണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ വെച്ച് പിടിയിലായത്. 60-ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ ലൊക്കേഷന്റെയും അടിസ്ഥാനത്തിലാണ് പോലീസ് കുടുക്കിയത്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പാളയം പള്ളിക്ക് സമീപമുള്ള പമ്പിൽ കവർച്ച നടന്നത്. പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന പ്രതി, രണ്ട് ദിവസത്തെ കളക്ഷൻ തുകയായ 1.80 ലക്ഷം രൂപയാണ് അപഹരിച്ചത്. വെറുമൊരു സ്ക്രൂ ഡ്രൈവർ മാത്രം ഉപയോഗിച്ച് ലോക്കറുകൾ കുത്തിത്തുറക്കുന്നതാണ് ഇയാളുടെ രീതി. പിടിയിലാകുമ്പോഴും ഇയാളിൽ നിന്ന് ഈ ‘ആയുധം’ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മ്യൂസിയം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കവർന്ന പണവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ നിരവധി പെട്രോൾ പമ്പുകളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ് തഫ്സീർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!