പാങ്ങപ്പാറ കൊലപാതകം ആസൂത്രിതം; കുറ്റം പ്രായപൂർത്തിയാകാത്തയാൾ ഏൽക്കണമെന്ന് ധാരണ; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ് …

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനെ കൊലപ്പെടുത്തിയ സംഭവം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ.

പോലീസ് പിടികൂടിയാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പ്രായപൂർത്തിയാകാത്ത ഒരാളുടെ തലയിൽ മാത്രം വരുത്താൻ പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നതായും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മൂന്ന് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് കമ്മീഷണർ വ്യക്തമാക്കി.കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട മിസിങ് കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ശ്രീകാര്യം സിഐയുടെ നേതൃത്വത്തിൽ 16 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രതിയായ 17കാരന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് കമ്മീഷണർ പറഞ്ഞു. കുട്ടിയുടെ അവസാന ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ബന്ധുക്കളോടൊപ്പം പോലീസും പരിശോധന നടത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ 17കാരനെ ഇന്നലെ പുലർച്ചെ സ്റ്റേഷനിലെത്തിച്ചെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത് ഒന്നാം പ്രതിയാണെന്നും കമ്മീഷണർ അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് മൂന്നാം പ്രതിക്കും വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കേസിലെ രണ്ടാം പ്രതിയായ ഉമർ, 17കാരൻ നേരത്തെ പ്രതിയായിരുന്ന മറ്റൊരു കേസിലെ ഒന്നാം പ്രതിയാണെന്നും ഈ സാഹചര്യത്തി ലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും കമ്മീഷണർ വിശദീകരിച്ചു. പോലീസ് വാഹനത്തിൽവെച്ചാണ് ഉമർ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. കൊലപാതകം നടത്തിയശേഷം പോലീസിന്റെ പിടിയിലായാൽ പ്രായപൂർത്തിയാകാത്ത ഒരാൾ മാത്രമാണ് കൃത്യം ചെയ്തതെന്ന് വരുത്തിത്തീർക്കാനുള്ള ധാരണ പ്രതികൾക്കിടയിലുണ്ടായിരു ന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് കമ്മീഷണർ പറഞ്ഞു.

പ്രതികൾ ഇതിന് മുമ്പും സമാനമായ രീതിയിൽ കൊലപാതകശ്രമങ്ങൾ നടത്തിയിട്ടുണ്ടോ യെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കേസിൽ ശക്തമായ തെളിവുകളുണ്ടെന്നും പ്രായപൂർത്തിയാകാ ത്തയാളാണെന്ന ആനുകൂല്യം ഒന്നാം പ്രതിക്ക് നിയമനടപടികളിൽനിന്ന് പൂർണമായി ഒഴിവാകാനുള്ള സാഹചര്യമൊരുക്കില്ലെന്നും തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൗമാരക്കാർക്കിടയിലെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് അഭിരാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!