മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം… പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിന്…

വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷി. വി. കൃഷ്ണനെ സ്ഥലംമാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്.

ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്നും സ്ഥലംമാറ്റ നടപടി നീതിക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

വിനോദയാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി തേടി അപേക്ഷ നൽകിയിരുന്നുവെന്ന രേഖ പുറത്തുവന്നതും പ്രിൻസിപ്പലിന് അനുകൂലമായി. പഠനയാത്രയ്ക്ക് ആർഡിഡിയുടെ അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, പരമാവധി മൂന്ന് ദിവസം മാത്രമേ പഠനയാത്ര നടത്താവൂ എന്നിരിക്കെ അഞ്ച് ദിവസം യാത്ര നടത്തി തുടങ്ങിയ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിൻസിപ്പലിനെ മീനങ്ങാടി സ്കൂളിൽ നിന്ന് സ്ഥലംമാറ്റിയത്.

എന്നാൽ അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും ആർഡിഡി ഓഫീസിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സാധാരണയായി ഇത്തരം അപേക്ഷകൾക്ക് മറുപടി ലഭിക്കാറില്ലെന്നും യാത്ര കഴിഞ്ഞ ശേഷമാണ് പലപ്പോഴും മറുപടി ലഭിക്കുന്നതെന്നും അധികൃതർ പറയുന്നു.

മറ്റ് സ്കൂളുകളും സമാനമായ രീതിയിൽ ഹൈദരാബാദിലേക്ക് വിനോദയാത്ര നടത്തിയിട്ടുണ്ടെന്നിരിക്കെ പ്രിൻസിപ്പലിനെതിരെ മാത്രം നടപടിയെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഉയർന്നിരുന്നു. പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചെന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയടക്കമുള്ളവർ ആരോപിക്കുന്നത്. ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവോടെ സ്ഥലംമാറ്റ നടപടിക്ക് താൽക്കാലികമായി തടസ്സമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!